കോവിഡിന്റെ രണ്ടാം തരംഗം; പ്രധാനമന്ത്രി നരേന്ദ മോദിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവ്

പ്രധാനമന്ത്രി നരേന്ദ മോദിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവ്. കോവിഡ്-19 ന്റെ രണ്ടാം തരംഗത്തെ നേരിടുന്നതില്‍ മോദി വന്‍ പരാജയമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. യുഎസ് ഡാറ്റ ഇന്റലിജന്‍സ് കമ്പനിയായ മോണിംഗ് കണ്‍സള്‍ട്ടന്റാണ് സര്‍വേ നടത്തിയത്.ഇവര്‍ ലോകത്തുള്ള പല നേതാക്കളുടെ റേറ്റിംഗ് ട്രാക്ക് ചെയ്യുന്നുണ്ട്.

2014ലും 2019ലും വന്‍ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ച മോദിക്ക് ശക്തനെന്ന ഇമേജ് നഷ്ടപ്പെടുന്നുവെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് അദ്ദേഹത്തിന് എളുപ്പമാകില്ലെന്നാണ് വ്യക്തമാകുന്നത്.ദേശീയതയില്‍ ഊന്നിയുള്ള രാഷ്ട്രീയ നേതാവെന്ന മോദിയുടെ ഇമേജ് രണ്ടാം തരംഗത്തില്‍ വെല്ലുവിളികളെയാണ് നേരിട്ടതെന്നും, അതില്‍ മോദി പരാജയപ്പെട്ടുവെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.ഇന്ത്യയിലെ കോവിഡ്-19 കേസുകളുടെ എണ്ണം 25 മില്യണ്‍ കടന്നിരിക്കുകയാണ്.


മോദി വന്‍ പരാജയമാണെന്ന് രണ്ടാം തരംഗത്തില്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. കോവിഡ്-19 നേരിടുന്നതിനുള്ള മുന്നൊരുക്കം തീരെയുണ്ടായില്ലെന്ന് അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നവര്‍ തന്നെ പറയുന്നു. ഇവരില്‍ പലരും മോദിയെ കൈവിട്ടതായി സര്‍വേ പറയുന്നു. മോദിയുടെ മൊത്തം റേറ്റിംഗ് 63 ശതമാനമാണ്. ഇത് ഓരോ ആഴ്ച്ചയും കുറഞ്ഞുവരികയാണ്. ഇപ്പോഴുള്ളതില്‍ മോദി പ്രധാനമന്ത്രിയായതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ റേറ്റിംഗാണ്.ജനപ്രീതിയില്‍ മോദിയെ ഓരോ ആഴ്ച്ചയിലും കൂടുതല്‍ പേര്‍ കൈവിട്ട് വരികയാണെന്ന് ഈ സര്‍വേ പറയുന്നു.

ഏപ്രിലില്‍ 22 പോയിന്റുകളാണ് മോദിയുടെ റേറ്റിംഗ് ഇടിഞ്ഞത്. വലിയ നഗരങ്ങളില്‍ കേസുകള്‍ വര്‍ധിക്കുന്നതാണ് മോദിക്കെതിരെയുള്ള രോഷത്തിന് കാരണം. ദില്ലിയിലെ ആശുപത്രികളില്‍ വന്‍ തോതിലാണ് കോവിഡ്-19 കേസുകള്‍ വര്‍ധിക്കുന്നത്. ആശുപത്രികളില്‍ കിടക്കയോ, ഓക്‌സിജന്‍ സൗകര്യങ്ങളോ ഇല്ല. പാര്‍ക്കിംഗ് മേഖലയില്‍ വരെ ആളുകള്‍ മരിച്ച്‌ വീണിരുന്നു. ശ്വാസം കിട്ടാതെ പിടഞ്ഞുവീഴുന്ന കാഴ്ച്ചകളും മോദിക്കെതിരെയുള്ള വികാരമായി മാറിയിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും വന്‍ രോഷമാണ് മോദിക്കെതിരെ ഉയരുന്നത്. ഇന്ത്യയുടെ ആരോഗ്യ മേഖലയെ ശരിക്കും തുറന്ന് കാണിക്കാന്‍ രണ്ടാം തരംഗത്തിന് സാധിച്ചു. അതാണ് ജനങ്ങളെ സ്വാധീനിച്ചിരിക്കുന്നത്. മോദി ഒന്നും ചെയ്തില്ലെന്ന തോന്നല്‍ ശക്തമായി. സ്വന്തം കാര്യം സ്വയം നോക്കേണ്ട അവസ്ഥയിലായി ജനങ്ങളെന്ന് പി ചിദംബരം കുറ്റപ്പെടുത്തുന്നു.

കേന്ദ്രം കോവിഡ്-19 നെ നേരിടുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫെബ്രുവരിക്ക് ശേഷം നഗരമേഖലയില്‍ നടന്ന സര്‍വേകളില്‍ കേന്ദ്ര സര്‍ക്കാര്‍ പരിപൂര്‍ണ പരാജയമാണെന്ന് ജനങ്ങള്‍ പറഞ്ഞിരുന്നു. സര്‍വേയിലെ 59 ശതമാനം പേരാണ് മോദി സര്‍ക്കാര്‍ മികച്ചതാണെന്ന് പറഞ്ഞത്. നേരത്തെ ഇത് 89 ശതമാനമായിരുന്നു.

20-May-2021