ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെടുന്ന ചരിത്രമുഹൂര്‍ത്തം; സത്യപ്രതിജ്ഞയെ പറ്റി കെ. കെ ശൈലജ
അഡ്മിൻ
കേരളത്തില്‍ ചരിത്രം രചിച്ച് ഭരണത്തുടര്‍ച്ച നേടിയ ഇടതുമുന്നണി സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ച് മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ. കരുത്തരായ പുതിയ നിരയാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ എത്തിയതെന്നും, ഒന്നാം പിണറായി സര്‍ക്കാരിനേക്കാള്‍ ഉജ്ജ്വലമായിരിക്കും രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്നും ശൈലജ തന്റെ ഫെസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഹൃദയത്തില്‍ ആലേഖനം ചെയ്യപ്പെടുന്ന ചരിത്രമുഹൂര്‍ത്തം എന്നാണ് സത്യപ്രതിജ്ഞയെ കുറിച്ച് പറഞ്ഞത്. കേരളത്തില്‍ ഒരിക്കലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് തുടര്‍ഭരണം ഉണ്ടാവുകയില്ലെന്ന് പ്രഖ്യാപിച്ചവരെ നിരാശരാക്കിയ ജനവിധിയാണ് ഉണ്ടായത്. കഴിഞ്ഞ അഞ്ചുവര്‍ഷം പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ ഭരണത്തിന് കേരള ജനത നല്കിയ പ്രതിഫലമാണ് ഈ അംഗീകാരം.
ചരിത്രത്തിലേക്കുള്ള വഴിത്തിരിവായ കഴിഞ്ഞ ഗവണ്മെന്റിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സംതൃപ്തിയുണ്ടെന്നും, പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന സഖാക്കള്‍ക്കും മന്ത്രിസഭയ്ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നുവെന്നും ശൈലജ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കടുത്ത പ്രതിസന്ധിയെ അതിജീവിക്കുമ്പോഴാണ് ഒരു ഗവണ്മെന്റിന്റെ കരുത്ത് തെളിയിക്കപ്പെട്ടുക. അതുകൊണ്ടുതന്നെ പ്രതികൂല സാഹചര്യങ്ങളുടെ തീച്ചൂളയില്‍ ഉരുകി തെളിഞ്ഞുവന്ന് തിളക്കമാര്‍ന്ന പ്രതിച്ഛായ ഈ സര്‍ക്കാരിന് ലഭ്യമായിട്ടുണ്ടെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.