നിയമസഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ഒടുവിൽ കോൺഗ്രസ് വിടുകയും ചെയ്ത മഹിള കോൺഗ്രസ് അധ്യക്ഷ ലതിക സുഭാഷ് എൻ.സി.പിയിൽ ചേരുമെന്ന് സൂചന. പാർട്ടി അധ്യക്ഷൻ പി.സി ചാക്കോയുമായി ലതിക സുഭാഷ് ചർച്ച നടത്തി. ലതിക സുഭാഷിനെ എന്‍.സി.പിയിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി എ. കെ ശശീന്ദ്രനും രംഗത്തെത്തി.
കോൺഗ്രസില്‍ നിന്ന് വരുന്നവർക്ക് അർഹമായ പരിഗണന എന്‍.സി.പി നൽകുമെന്നും മന്ത്രി പറഞ്ഞു. കോൺഗ്രസ് പാരമ്പര്യമുള്ള പാർട്ടിയാണ് എൻ.സി.പിയെന്ന് ലതിക സുഭാഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവുമെന്നും ലതിക സുഭാഷ് വ്യക്തമാക്കി.
‘വൈകാതെ എന്റെ നിലപാട് വ്യക്തമാക്കും. കോൺഗ്രസുമായി ബന്ധപ്പെട്ട് നിൽക്കുന്നതല്ലാത്ത മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിലേക്ക് പോകാൻ എനിക്ക് കഴിയുകയില്ല. കോൺഗ്രസിന്റെ പാരമ്പര്യത്തിൽ വന്ന വ്യക്തി എന്ന നിലയിൽ അത്തരം ചില ആലോചനകളുണ്ട്. വളരെ വൈകാതെ മാധ്യമ പ്രവർത്തകരുമായി പങ്കുവെക്കും,’ലതികാ സുഭാഷ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ലതികാ സുഭാഷ് കോൺഗ്രസുമായി അകന്നത്. തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കുകയും ചെയ്തിരുന്നു അവർ. സ്വതന്ത്രയായായി വൺ ഇന്ത്യ വൺ പെൻഷൻ്റെ പിന്തുണയോടെ 7624 വോട്ട് നേടിയ ലതിക യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ഇവിടെ സ്വതന്ത്രയായി വിജയിക്കാനാകുമെന്നായിരുന്നു ലതികയുടെ വിശ്വാസം.
ലതികാ സുഭാഷിലൂടെ കോണ്‍ഗ്രസില്‍ അസ്വസ്ഥരായ കൂടുതല്‍ നേതാക്കളെ എൻ.സി.പിയിലേക്ക് അടുപ്പിക്കുകയാണ് ചാക്കോയുടെ ലക്ഷ്യം. പ്രവര്‍ത്തന പരിചയം കണക്കിലെടുത്ത് എൻ.സി.പിയില്‍ മികച്ച സ്ഥാനം ലതികാ സുഭാഷും പ്രതീക്ഷിക്കുന്നുണ്ട്.
ഇതിനിടെ കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന കൂടുതൽ നേതാക്കളെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി വരികയാണ് എൻ.സി.പിയുടെ സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്ത പി.സി.ചാക്കോ. അതിന്റെ ആദ്യപടിയാണ് ലതികാ സുഭാഷിനെ പാർട്ടിയിലെത്തിക്കൽ.