കൊവിഡ് മരുന്നിന്റെ വിതരണം കേന്ദ്രം നല്‍കിയത് സംഘപരിവാര്‍ സംഘടനയ്ക്ക്
അഡ്മിൻ
കേന്ദ്ര സര്‍ക്കാറിന്റെ ആയുഷ് മന്ത്രാലയം വികസിപ്പിച്ച കൊവിഡ് മരുന്നായ ആയുഷ് -64 വിതരണം ചെയ്യാനുള്ള ചുമതല സംഘപരിവാര്‍ സംഘടനയായ സേവാഭാരതിക്ക് ഏല്‍പ്പിച്ചു കൊണ്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് അയച്ചതായി റിപ്പോര്‍ട്ട്.
ഇതുസംബന്ധിച്ച കേന്ദ്ര ആയുര്‍വേദ ഗവേഷണ കൗണ്‍സിലിന്റെ (സി.സി.ആര്.എസ്) ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ വിതരണവും സേവാ ഭാരതി ഏറ്റെടുത്തു. ആയുഷ് മന്ത്രാലയത്തിന്റെ കൊവിഡ് പോളി ഹെര്‍ബല്‍ ആയുര്‍വേദ മരുന്നുകളായ ആയുഷ് 64, സിദ്ധ മരുന്നായ കബാസുര കുഡിനീര്‍ എന്നിവ വിതരണം ചെയ്യുന്നതിന്റെ ചുമതല സേവാഭാരതിക്കു നല്കാന് മെയ് ആറിനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. തുടര്‍ന്ന് മരുന്ന് വിതരണം ചെയ്യുന്നത് സംബന്ധിച്ച് സേവാഭാരതി അംഗങ്ങള്‍ക്ക് പരിശീലനവും നല്‍കിയിരുന്നു.
കേരളത്തില്‍ ചെറുതുരുത്തിയിലെ ദേശീയ ആയുര്‍വേദ പഞ്ചകര്‍മ ഗവേഷണ കേന്ദ്രത്തിലാണ് കൊവിഡ് മരുന്നായ ആയുഷ് 64 എത്തിച്ചത്. ഇവിടെ നിന്നും രോഗികള്‍ക്ക് നേരിട്ട് വിതരണം ചെയ്തിരുന്ന മരുന്ന് ഇനി മുതല്‍ സേവാഭാരതിക്കാണ് നല്‍കുക. അവര്‍ താല്പര്യപ്പെടുന്നവര്ക്ക് മാത്രമേ ഇനി മരുന്ന് ലഭിക്കുകയുള്ളൂ. മരുന്ന് വിതരണം ചെയ്യുന്ന സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന സര്‍ക്കാറുകള്‍ പ്രത്യേക പാസ് നല്‍കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആയുഷ് വകുപ്പിനു കീഴിലുള്ള ഹോമിയോ, ആയുര്‍വ്വേദ വകുപ്പുകളുടെ കൊവിഡ് മരുന്നുകള്‍ തദ്ദേശ സ്വയംഭരണ അംഗങ്ങള്‍ വഴിയാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. ആയുര്‍വേദ വകുപ്പിന്റെ പുനര്‍ജനി, അമൃതം എന്നീ പദ്ധതികളുടെ മരുന്നു വിതരണവും ഇവര്‍ നടത്തുന്നുണ്ട്. ഈ സംവിധാനങ്ങള്‍ നിലവിലുള്ളപ്പോഴാണ് ആര്.എസ്.എസ് സംഘടനയെ മരുന്ന് വിതരണം ചെയ്യാനുള്ള ചുമതല ഏല്‍പ്പിച്ചത്.