കൊവിഡ് വാക്‌സിനായി കേന്ദ്രസർക്കാർ ആഗോള ടെണ്ടര്‍ വിളിക്കണം: മുഖ്യമന്ത്രി

കേരളത്തില്‍ കൊവിഡ് വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തിന്റെ പക്കലുള്ള സ്‌റ്റോക്ക് തീര്‍ന്നിട്ട് ദിവസങ്ങളായെന്നും ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ന്നാണ് വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ ആഗോള ടെണ്ടര്‍ വിളിച്ചത്.

ഓരോ സംസ്ഥാനവും ടെണ്ടര്‍ വിളിച്ചാല്‍ വാക്‌സിന്റെ വില കുത്തനെ ഉയരാന്‍ സാധ്യതയുണ്ട്. ഓരോ സംസ്ഥാനത്തിനും എത്ര വാക്‌സിനാണ് വേണ്ടതെന്ന് കണക്കാക്കി രാജ്യത്തിനാകെ വേണ്ട വാക്‌സിന്‍ വാങ്ങുന്നതിനുള്ള ആഗോള ടെണ്ടര്‍ കേന്ദ്രസര്‍ക്കാര്‍ തന്നെ വിളിച്ചാല്‍ വാക്‌സിനുകളുടെ വില ഉയരാതെ നിലനിര്‍ത്താം. ഇതാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

സമൂഹത്തില്‍ പരമാവധി പേര്‍ക്ക് വാക്‌സീന്‍ നല്‍കിയാല്‍ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിക്കൂ. ഈ മാര്‍ഗത്തിലൂടെ മാത്രമാണ് സാമൂഹ്യ പ്രതിരോധ ശേഷി ആര്‍ജ്ജിക്കാനാവുക. എന്നാല്‍ വാക്‌സീനുകളുടെ കുറവ് ആസൂത്രണം ചെയ്ത വേഗതയില്‍ വാക്‌സീനേഷന്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.

24-May-2021