ബിജെപിയുടെ കേരളാ നേതൃത്വത്തിലേക്ക് അന്വേഷണം നീളുന്ന കൊടകര കുഴല്‍പ്പണക്കേസ്

ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് അന്വേഷണം നീളുന്ന കൊടകര കുഴല്‍പ്പണക്കേസ് അട്ടിമറിക്കാന്‍ പാര്‍ട്ടിയില്‍ തിരക്കിട്ട കൂടിയാലോചന. ഇതിനായി മലയാളിയായ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ ചരടുവലി തുടങ്ങി. സാമ്പത്തിക കുറ്റകൃത്യമാണെന്ന പേരിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) ഇതിനായി ഉപയോഗിക്കാനാണ് ശ്രമം.

അന്വേഷണത്തിൽ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെയുള്‍പ്പെടെ ചോദ്യം ചെയ്യാനിടയുണ്ടെന്ന വിവരം പുറത്തുവന്നതോടെ കേന്ദ്ര ഏജന്‍സിയെ കൊണ്ട് കേസ് ഏറ്റെടുപ്പിച്ച് സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തിന് തടയിടാനാണ് നീക്കം. വന്‍കിട സാമ്പത്തിക ഇടപാട് ആയതിനാല്‍ അന്വേഷിക്കേണ്ടത് ഇഡിയാണെന്ന ന്യായം ഉയര്‍ത്തിയാകും ഇടപെടല്‍.

കഴിഞ്ഞദിവസം ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന്‍, സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി ഗിരീഷ്, ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവരെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. രണ്ട് ദിവസത്തിനകം ഹാജരാവാൻ ഇവർക്ക് നോട്ടീസ് അയച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം സൂചന നല്‍കിയിട്ടുണ്ട്.

പണം വന്നത് കര്‍ണാടകയിലെ ബിജെപി സ്രോതസില്‍ നിന്നാണെന്നും വ്യക്തമായിട്ടുണ്ട്. പണം കൊടുത്തുവിട്ട ഇടനിലക്കാരനും യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററുമായ സുനില്‍ നായിക് ദേശീയതലത്തില്‍ വരെ പിടിയുള്ളയാളാണ്. കോഴിക്കോട്ടുകാരനായ ഈ നേതാവ് അടുത്ത കാലത്തായി പൊതുരംഗത്ത് പ്രത്യക്ഷനായിരുന്നില്ല.

കൊടകരയിലെ കുഴല്‍പ്പണ കവര്‍ച്ചാ കേസ് പുറത്തു വന്നതോടെയാണ് സുനില്‍ നായിക് വീണ്ടും ചര്‍ച്ചയാവുന്നത്. കെ സുരേന്ദ്രന്‍ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായിരിക്കെ ട്രഷററായിരുന്ന ഇയാള്‍ വര്‍ഷങ്ങളായി ഡല്‍ഹിയിലും മുംബൈയിലുമായിരുന്നു. നരേന്ദ്ര മോഡി കേരളത്തിലെത്തുമ്പോള്‍ മേല്‍നോട്ടം വഹിക്കുന്നയാളും അമിത്ഷാ, രാജ്‌നാഥ്‌സിങ്, ബി എല്‍ സന്തോഷ് ഉള്‍പ്പെടെ പ്രമുഖരുടെ അടുത്തയാളുമാണ്. കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെയും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും ഏറ്റവും പ്രിയപ്പെട്ടവനുമാണ് സുനില്‍ നായിക്.

കര്‍ണാടകത്തില്‍നിന്നുള്ള പണം വയനാട് വഴി എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ എത്തിക്കുകയായിരുന്നു ധര്‍മരാജന്റെ ചുമതല. കൊടകരയില്‍വച്ച് പണം തട്ടിയെടുക്കല്‍ നാടകവും 25 ലക്ഷം നഷ്ടമായ പരാതിയും ധര്‍മരാജന്‍ നല്‍കിയത് നേതൃത്വത്തിലെ പ്രധാനികളുമായി ചര്‍ച്ചചെയ്താണെന്ന് നേരത്തെതന്നെ വെളിപ്പെട്ടതാണ്. ഏപ്രില്‍ മൂന്നിന് പുലര്‍ച്ചെയാണ് വാഹനാപകടമുണ്ടാക്കി കൊടകരയില്‍ വച്ച് കാറിലുണ്ടായിരുന്ന പണം കവര്‍ന്നത്. കേസില്‍ 19 പ്രതികളെ അറസ്റ്റ് ചെയ്തു.

ഒരു കോടിയോളം രൂപ അന്വേഷണ സംഘം വിവിധ പ്രതികളില്‍ നിന്നായി കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് കേസ് എടുക്കാന്‍ തയ്യാറാകണമാണെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നു. വരന്തരപ്പള്ളിയിലെ പൊതുപ്രവര്‍ത്തകന്‍ ടി എന്‍ മുകുന്ദന്‍ ഡല്‍ഹിയിലെ ഇഡി ഹെഡ്ക്വാര്‍ട്ടേഴ്‌സ് മേധാവി, കൊച്ചി ജോയിന്റ് ഡയറക്ടര്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച് ഇന്നലെ പരാതി നല്‍കി.

നേരത്തേതന്നെ കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യമുയർന്നുവെങ്കിലും കേരളത്തിലെയും കര്‍ണാടകത്തിലെയും ഉന്നത ബിജെപി നേതാക്കളുടെ ഇടപെടല്‍ മൂലമാണ് ഇഡി അന്വേഷണത്തിന് തയ്യാറാകാതിരുന്നത്. മറ്റൊരു കേന്ദ്ര ഏജന്‍സിയായ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സും പ്രാഥമിക അന്വേഷണത്തിന് തയ്യാറായില്ല. എന്‍ഐഎയും അന്വേഷണത്തിനെത്തിയില്ല.എന്നാല്‍ ഇപ്പോള്‍ ബിജെപി നേതാക്കളെ രക്ഷിക്കണമെങ്കില്‍ അന്വേഷണം സംസ്ഥാന ഏജന്‍സിയില്‍ നിന്ന് മാറ്റണം എന്നാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്.

25-May-2021