ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതിയിൽ തിരിച്ചടി

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററിന് തിരിച്ചടിയായി ദ്വീപിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ സ്ഥലംമാറ്റം ഹൈക്കോടതി തടഞ്ഞു. പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍ നിന്ന് നീക്കി ഗവണ്‍മെന്‍റ് ജോലികള്‍ക്ക് നിയോഗിച്ച നടപടിയാണ് സ്റ്റേ ചെയ്തത്. കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച നടപടിയാണ് ഇതെന്നും ഭരണകൂടം വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ കോടതി അറിയുന്നുണ്ടെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. കോടതിയ്ക്ക് അന്വേഷിക്കാന്‍ അതിന്റേതായ വഴികളുണ്ടെന്നും ലക്ഷദ്വീപ് ഭരണകൂടത്തോട് ഹൈക്കോടതി പറഞ്ഞു. പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും വരുന്ന അറിവ് വെച്ച് മാത്രമല്ല പറയുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതായിരുന്നു പരാമര്‍ശം.

ഇതിനിടെ പ്രതിഷേധങ്ങളെ ന്യായീകരിച്ച് ലക്ഷദ്വീപ് ബിജെപിയും രംഗത്തെത്തി. അഡ്മിനിസ്ട്രേറ്ററുടെ ചില ഭേദഗതികൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയെന്നും ബിജെപി ലക്ഷദ്വീപ് ജനറൽ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിം കോഴിക്കോട് പറ‍ഞ്ഞു. ബിജെപി ജനങ്ങളുടെ വികാരം മാനിക്കുന്നുവെന്നും പുതിയ പരിഷ്കാരങ്ങൾ വേണമെങ്കിൽ തിരുത്തുമെന്നും മുഹമ്മദ് കാസിം പറഞ്ഞു.

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ വിവാദ നടപടികള്‍ക്കെതിരെ ലക്ഷദ്വീപില്‍ പ്രതിഷേധം ശക്തമാകുകയാണ്. ലക്ഷദ്വീപിലെ മുൻ അഡ്മിനിസ്ട്രേറ്ററായിരുന്ന ദിനേശ്വർ ശർമ്മ ശ്വാസകോശ രോഗത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് മുൻ ആഭ്യന്തരമന്ത്രി പ്രഫുൽ പട്ടേലിനെ പ്രധാനമന്ത്രി ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതല ഏൽപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് നിരവധി പുതിയ മാറ്റങ്ങൾ ദ്വീപിൽ സംഭവിച്ചത്. ഡയറി ഫാമുകൾ അടച്ചുപൂട്ടി, ബീഫ് നിരോധിച്ചു, മദ്യശാലകൾക്ക് അനുമതി നൽകി, ​ഗുണ്ടാ ആക്ട് നടപ്പിലാക്കി. പുതിയ മാറ്റങ്ങൾക്കെതിരെ ദ്വീപ് നിവാസികൾ പ്രതിഷേധത്തിലാണ്.

25-May-2021