ഇന്ത്യയിലെ കൊവിഡ് മരണം 
42 ലക്ഷമെന്ന് ന്യൂയോർക്ക് ടെെംസ്

ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട മൂന്ന് ലക്ഷത്തെക്കാള്‍ കൂടുതലാണെന്ന് ആരോപിക്കുന്ന ന്യൂയോര്‍ക്ക് ടൈസിന്റെ റിപ്പോര്‍ട്ട് തള്ളി കേന്ദ്ര സര്‍ക്കാര്‍. റിപ്പോര്‍ട്ട് തെളിവുകളുടെ അടിസ്ഥാനത്തില്‍ അല്ലാത്തതിനാല്‍ തള്ളണമെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്തെ കൊവിഡ് മരണങ്ങള്‍ യഥാര്‍ത്ഥത്തില്‍ 42 ലക്ഷം വരെ ആയിരിക്കാം എന്നാണ് ലേഖനം പറയുന്നത്. സീ​റോ സര്‍വെ ഫലങ്ങളുടെയും ആന്റീബോഡി ടെസ്റ്റ് ഫലങ്ങളെയും അടിസ്ഥാനപ്പെടുത്തിയാണ് യോര്‍ക്ക് ടൈംസ് ലേഖനം പ്രസിദ്ധീകരിച്ചത് . ഇത് മഹാമാരിയുടെ വ്യാപ്തി കുറച്ചുകാട്ടുന്ന തരത്തിലുള്ളതാണ് ഔദ്യോഗിക കണക്കുകളെന്നും ലേഖനം കുറ്റപ്പെടുത്തിയിരുന്നു.

റിപ്പോര്‍ട്ട് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉള്ളതല്ലെന്നും അഭ്യൂഹങ്ങള്‍ മാത്രമാണെന്നും കൊവിഡ് ടാസ്ക് ഫോഴ്സിന്റെ തലവനും നീതി ആയോഗ് അംഗവുമായ ഡോ. വി.കെ പോള്‍ പറഞ്ഞു . കൊവിഡ് ബാധിച്ചവരുടെ എണ്ണം പരിശോധനയില്‍ പോസിറ്റീവ് ആയവരെക്കാള്‍ വളരെ കൂടുതലാവാം എന്ന് സമ്മതിച്ച അദ്ദേഹം മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടാന്‍ വൈകിയിട്ടുണ്ടാകാം എന്ന് അഭിപ്രായപ്പെട്ടു.

എന്നാല്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ബോധപൂര്‍വം വൈകിച്ചതല്ല അതൊന്നുമെന്നും അദ്ദേഹം പറയുന്നു. അഞ്ചുപേര്‍ പരസ്പരം ഫോണില്‍ സംസാരിച്ച് തയ്യാറാക്കിയതാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് . മരണക്കണക്കുകള്‍ ശേഖരിക്കാന്‍ ശക്തമായ സംവിധാനം നിലവിലുള്ളപ്പോള്‍ അന്താരാഷ്ട്ര മാധ്യമം അത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

28-May-2021