:ലക്ഷദ്വീപ്: പ്രഫുല്‍ പട്ടേലിന്റെയും ബിജെപിയുടെയും വാദങ്ങള്‍ പച്ചക്കള്ളം: തോമസ് ഐസക്
അഡ്മിൻ
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെയും ബിജെപിയുടെയും വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് ഡോ. ടി എം തോമസ് ഐസക്. ലക്ഷദ്വീപിന് വികസനം നിഷേധിച്ചുവെന്ന ബിജെപിയുടെ വാദങ്ങളെ തെളിവ് സഹിതം ചൂണ്ടികാണിച്ചാണ് തോമസ് ഐസക് പൊളിച്ചത്. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ദാമന്‍ ദിയുവിന് സമാനമായ തന്ത്രമാണ് ലക്ഷദ്വീപിലും നടപ്പാക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.ബിജെപി മേധാവിത്വ സംസ്ഥാനങ്ങളായ ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കൈവരിക്കാത്ത ജീവിതസൂചികാ നേട്ടങ്ങള്‍ ലക്ഷദ്വീപിനുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ബിജെപി സംസ്ഥാനങ്ങളില്‍ 38നും 47നും ഇടയിലുള്ള ശിശുമരണ നിരക്ക് ദ്വീപില്‍ 2016 മുതല്‍ 19 ആണ്.ദേശീയ ശരാശരി 34 ആണെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.ദ്വീപിലെ ജീവിതായുസും ദേശീയ ശരാശരിയേക്കാള്‍ ഉയരെയാണ്. 93 ശതമാനം സാക്ഷരതയുമുണ്ട്. പ്രജനന നിരക്ക് ഒരു സ്ത്രീക്ക് 1.9 കുട്ടി. ദേശീയ പ്രജനനനിരക്ക് 2.2 ഉം. കേരളത്തില്‍ 1.6 ഉം. ബിമാരു സംസ്ഥാനങ്ങളില്‍ 2.7 മുതല്‍ 3.1 വരെയുമാണ്. എന്നിട്ടും രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് ഇവിടെ സ്ഥാനാര്‍ഥിത്വം നിഷേധിക്കുന്നു.
ദ്വീപിലെ പ്രതിശീര്‍ഷ വരുമാനം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്. സര്‍ക്കാര്‍ ജോലി, മത്സ്യം, തേങ്ങ, കൊപ്ര എന്നിവയിലാണ് തൊഴിലും വരുമാനവും. ദ്വീപ് അതോറിറ്റി പഠനം നടത്തി വികസനതന്ത്രം രൂപീകരിച്ചിട്ടുണ്ട്. മത്സ്യമേഖലയില്‍ നവീകരണം വേണം.കേരള സര്‍ക്കാര്‍, തദ്ദേശീയരുമായിചേര്ന്ന് മത്സ്യം സൂക്ഷിക്കലിനും സംസ്കരണത്തിനും വിപണനത്തിനും ധാരണപത്രം ഒപ്പുവച്ചിട്ടുണ്ട്. കേരളത്തില്‍ ഹെക്ടറില്‍ 6000 തേങ്ങ ലഭിക്കുമ്പോള്‍ ലക്ഷദ്വീപിലെ ശരാശരി 20,000 ആണ്. കയര്‍ വ്യവസായം വികസിപ്പിക്കുന്നതിനും കേരളവുമായുള്ള ധാരണപത്രം ചര്‍ച്ചയിലാണെന്നും തോമസ് ഐസക് പറയുന്നു.