ലക്ഷദ്വീപ്: നിലപാടറിയിക്കാന്‍ കേന്ദ്രത്തിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം

ലക്ഷദ്വീപിലെ ഭരണപരിഷ്‌ക്കാരങ്ങളും നടപടികളും സംബന്ധിച്ച നിലപാട് അറിയിക്കാന്‍ ഹൈക്കോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്കി. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ വിവാദ പരിഷ്‌കരണ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.

രണ്ടാഴ്ചത്തെ സമയമാണ് വിഷയത്തില്‍ വിശദീകരണം നല്‍കുന്നതിന് കേന്ദ്രത്തിനും ലക്ഷദ്വീപ് ഭരണകൂടത്തിനും കോടതി അനുവദിച്ചത്. ലക്ഷദ്വീപിലെ ജനങ്ങളുടെ പരമ്പരാഗത ജീവിതരീതിയും സംസ്‌കാരവും തകര്‍ക്കുന്ന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതു തടയണം എന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി കെ.പി. നൗഷാദ് അലി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി നിര്‍ദേശം.

എതിര്‍ സത്യവാങ്മൂലമുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ കേന്ദ്രത്തിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.നടരാജനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു.

വിശദീകരണം നല്‍കുന്നത് വരെ വിവാദ ഉത്തരവുകള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി തള്ളി. അതിന് ഈ ഘട്ടത്തില്‍ കഴിയില്ലെന്നും വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടികളിലേക്ക് കടക്കാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മറ്റൊരു പൊതുതാത്പര്യ ഹര്‍ജി കൂടി ഇന്ന് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി.

28-May-2021