പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കണം; അമിത് ഷായ്ക്ക് കത്തയച്ച് ദ്വീപ് മുൻ അഡ്മിസ്ട്രേറ്റർ
അഡ്മിൻ
ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ പട്ടേലിന്‍റെ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച് ദ്വീപ് മുൻ അഡ്മിസ്ട്രേറ്റർ ഉമേഷ് സൈഗാൾ. അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ പരിഷ്കാരങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉമേഷ് സൈഗാൾ അമിത് ഷാക്ക് കത്തയച്ചു.
പ്രഫുൽ പട്ടേൽ നടത്തുന്നത് ദ്വീപ് ജനതയെ ബുദ്ധിമുട്ടിലാക്കുന്ന പരിഷ്കാരങ്ങളാണെന്ന് കത്തിൽ പറയുന്നു. ഗുണ്ടാ നിയമം ഉൾപ്പെടെ പുതിയ നിയമങ്ങളെല്ലാം അനാവശ്യമാണ്. അഞ്ച് മാസം കൊണ്ട് കൊണ്ടുവന്ന പരിഷ്കാരങ്ങളൊക്കെ ലക്ഷദ്വീപിന് ചേരാത്തതാണ്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ് പരിഷ്കാരങ്ങള്‍. കൂട്ടപിരിച്ചുവിടല്‍ കൊണ്ട് എന്താണ് ലക്ഷ്യം വെയ്ക്കുന്നത്? കുട്ടികളുടെ ഭക്ഷണത്തില്‍ നിന്നുപോലും മാംസ വിഭവങ്ങള്‍ ഒഴിവാക്കുന്നത് എന്തിനാണ്? എന്നെല്ലാം ഉമേഷ് സൈഗാള്‍ കത്തില്‍ ചോദിക്കുന്നുണ്ട്.
അഡ്മിനിസ്ട്രേറ്ററുടെ ഇപ്പോഴത്തെ നടപടികള്‍ ശരിയല്ല. ദ്വീപിലെ പ്രവര്‍ത്തന പരിചയം വെച്ചാണ്, ദ്വീപിനെ അറിയുന്ന ആള്‍ എന്ന നിലയിലാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്. അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും ഉമേഷ് സൈഗാൾ കത്തില്‍ ആവശ്യപ്പെട്ടു.