ഗ്രൂപ്പുകൾ പാർട്ടിയെ തകർത്തെന്ന പരാതിയുമായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ചു.ഹൈക്കമാൻഡ് നിർദേശിച്ചിട്ടും നിയമസഭാതിരഞ്ഞെടുപ്പിൽ മൽസരിക്കാതിരുന്നത് കാലുവാരുമെന്ന് ഭയന്നാണെന്നും കത്തിൽ പറയുന്നു. തന്നെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
രാജിസന്നദ്ധത അറിയിച്ചത് കൊണ്ടാണ് യുഡിഎഫ് യോഗത്തിന് എത്താതിരുന്നത്. രാജിസന്നദ്ധത അറിയിച്ചുള്ള കത്ത് രാജിക്കത്തായി പരിഗണിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. നേരത്തെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി ഹൈക്കമാൻഡിനെ കത്തിലൂടെ അറിയിച്ചിരുന്നു.
ഇതിനിടെ മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ കത്തും സോണിയാഗാന്ധിക്ക് ലഭിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുന്നതിൽ തന്നെ ഇരുട്ടത്ത് നിർത്തിയുള്ള തീരുമാനം ആവശ്യമില്ലായിരുന്നു എന്ന് ചെന്നിത്തലയുടെ കത്തിൽ പറയുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പുകളടക്കം 5 തിരഞ്ഞെടുപ്പുകളിൽ ഐക്യജനാധിപത്യമുന്നണിക്ക് വിജയം നേടിക്കൊടുക്കാൻ നേതൃത്വം കൊടുത്തയാളാണ് താൻ. കെ.പി.സി.സി അധ്യക്ഷൻ, പ്രതിപക്ഷനേതാവ് സ്ഥാനങ്ങളിൽ ഇരുന്നുള്ള തന്റെ പ്രവർത്തനം പരിശോധിച്ചാൽ ഇതു ബോധ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു. പാർട്ടിയിൽ ഇതുവരെ ലഭിച്ച പദവിയും അംഗീകാരവും താൻ വിലമതിക്കുന്നുണ്ട്. എന്നാൽ പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കുന്നതിൽ ഹൈക്കമാൻഡ് കൈക്കൊണ്ട നടപടി വേദനിപ്പിക്കുന്നതാണെന്നും ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടുന്നു