ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് കുഴല്‍പ്പണമാക്കി തട്ടിയെടുത്ത കേസ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം അന്വേഷിക്കും. കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയായിരിക്കും പാര്‍ട്ടിക്ക് മാനക്കേടുണ്ടാക്കിയ ഈ സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയെന്ന് പാര്‍ട്ടിയിലെ വിമതപക്ഷ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.
മൂന്നര കോടിയുടെ കുഴല്‍പ്പണം കേരളത്തിലേക്ക് കടത്തുമ്പോള്‍ കൊടകരവച്ച് കൊള്ളയടിക്കപ്പെട്ടതിനെക്കുറിച്ച് സംസ്ഥാന പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കേന്ദ്ര നേതൃത്വം സമാന്തര അന്വേഷണം നടത്തുന്നത്. പണം തട്ടിയെടുത്ത സംഘത്തിലെ 19 പേരും അറസ്റ്റിലാണ്. ബിജെപി സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി എം ഗണേശനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
കുഴല്‍പ്പണ ഏര്‍പ്പാടിന്റെ മുഖ്യ സൂത്രധാരനും ആര്‍എസ്എസ് നേതാവുമായ ധര്‍മ്മരാജന്‍, പാര്‍ട്ടി ആലപ്പുഴ ജില്ലാ ട്രഷറര്‍ കര്‍ത്ത എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. എല്ലാ വിവരങ്ങളും താന്‍ അന്വേഷണ സംഘത്തിനെ അറിയിച്ചിട്ടുണ്ടെന്നും കുഴല്‍പ്പണത്തിന്റെ ഉറവിടത്തെക്കുറിച്ച് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനോട് തിരക്കിയാല്‍ മതിയെന്നുമായിരുന്നു ചോദ്യം ചെയ്യലിനു ശേഷം കര്‍ത്ത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.
പാര്‍ട്ടി മധ്യ മേഖലാ സെക്രട്ടറി ജി കാശിനാഥന്‍, ജില്ലാ നേതാക്കളായ കെ ആര്‍ ഹരി, സുജയ് സേനന്‍ എന്നിവരേയും ചോദ്യം ചെയ്തതോടെ അന്വേഷണത്തിന്റെ കുന്തമുന രണ്ടു സംസ്ഥാന നേതാക്കളിലേക്കാണ് നീങ്ങുന്നത്. പൊലീസിന്റെ അന്വേഷണദിശ ഇവരിലേക്ക് നീങ്ങുന്നതോടെയാണ് കേന്ദ്ര നേതൃത്വം തന്നെ അന്വേഷണത്തിനു തീരുമാനിച്ചത്.