പ്രതിഷേധങ്ങൾക്കിടയിൽ അഡ്മിനിസ്‌ട്രേറ്റർ ഇന്ന് ലക്ഷ ദ്വീപിൽ

ലക്ഷദ്വീപിലെ വിവാദനടപടികളെ ന്യായീകരിച്ച് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ. ലക്ഷദ്വീപിൽ കൈ കൊണ്ടത് കരുതൽ നടപടികൾ മാത്രമാണെന്ന് അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി. ജനങ്ങൾക്കെതിരെ ഈ നിയമങ്ങൾ ദുരുപയോഗം ചെയ്യില്ലെന്നും പട്ടേൽ പറഞ്ഞു. ബീഫ് നിരോധനത്തെ ന്യായീകരിച്ച പട്ടേൽ, റംസാൻ കാരണമാണ് ലക്ഷദ്വീപിൽ കൊവിഡ് വർധിച്ചതെന്നും പറഞ്ഞു.

ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താനയ്‌ക്കെതിരെയുള്ള കേസ് കേന്ദ്രസർക്കാരിനെതിരായ പരാമർശങ്ങളുടെ പേരിൽ വന്നതാണെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. അതേസമയം പ്രഫുൽ ഖോഡാ പട്ടേലിന്റെ സന്ദർശനത്തിനെതിരെ സമ്പൂർണ്ണ കരിദിനം ആചരിക്കുകയാണ് ദ്വീപ് ജനത. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് വീടുകളിൽ പ്രഫുൽ പട്ടേലിനെതിരെ കരിദിനം ആചരിക്കുന്നത്. ഒരാഴ്ചത്തേക്കാണ് പ്രഫുൽ പട്ടേൽ ദ്വീപിലുണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ.

ചരിത്രദിനത്തിനായി തയ്യാറെടുക്കാം, നമ്മൾ അതിജീവിക്കും, ഒറ്റക്കെട്ടായി നമുക്ക് മുന്നേറാം എന്നീ മുദ്രാവാക്യങ്ങളോടെയാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കരിദിനമായി ആചരിക്കണമെന്ന് ലക്ഷദ്വീപ് സേവ് ഫോറം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്.

14-Jun-2021