കേന്ദ്രസര്‍ക്കാരിന് വ്യഗ്രത വന്‍കിട കോര്‍പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളാന്‍: എ. എം ആരിഫ്

സാധാരണക്കാര്‍ക്ക് സഹായമെത്തിക്കുന്നതിനേക്കാള്‍ വന്‍കിട കോര്‍പറേറ്റുകളുടെ കിട്ടാക്കടം എഴുതിത്തള്ളാനാണ് കേന്ദ്രസര്‍ക്കാരിന് വ്യഗ്രതയെന്ന് എ. എം ആരിഫ് എം.പി കുറ്റപ്പെടുത്തി. സാധരണക്കാര്‍ എടുത്ത വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ വിമുഖതകാട്ടുമ്പോള്‍ ബാങ്കുകള്‍ 2020-21 വര്‍ഷം മാത്രം എഴുതിത്തള്ളിയ കിട്ടാക്കടം 1.53 ലക്ഷം കോടി രൂപയാണ്.

ക്ഷേമപദ്ധതികള്‍ക്കെന്ന പേരില്‍ പെട്രോള്‍, ഡിസല്‍ വിലവര്‍ധനയിലൂടെ കൊള്ള തുടരുന്ന കേന്ദ്രസര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്ക് പ്രതിമാസം അഞ്ചുകിലോ ഭക്ഷ്യധാന്യം മാത്രമാണ് ലഭ്യമാക്കുന്നത്. ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ ബാങ്ക് വായ്പകള്‍ക്ക് ചുരുങ്ങിയത് ആറുമാസത്തേയ്‌ക്കെങ്കിലും പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ആദായനികുതി പരിധിയ്ക്ക് പുറത്തുള്ള ഓരോ കുടുംബത്തിനും പ്രതിമാസം 7,500 രൂപ വീതം നല്‍കാന്‍ തയ്യാറാവണമെന്നും കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തില്‍ എംപി ആവശ്യപ്പെട്ടു.

15-Jun-2021