സ്ത്രീപക്ഷ കേരളം; സ്ത്രീശാക്തീകരണത്തിന് വേണ്ടിനായി പ്രചാരണം നടത്താന്‍ സി.പി.ഐ.എം

സ്ത്രീധനത്തിന് എതിരായും സ്ത്രീശാക്തീകരണത്തിന് വേണ്ടിയും പ്രചാരണം നടത്താൻ സി.പി.ഐ.എം. പ്രചാരണത്തിനായി സിപിഎം കേഡർമാർ വീടുകളിൽ സന്ദർശനം നടത്തുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ പറഞ്ഞു. സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യവുമായി ജൂലൈ ഒന്നുമുതൽ ഒരാഴ്ച സിപിഎം പ്രചാരണ പരിപാടി നടത്തും.

അതേസമയം എം. സി ജോസഫൈൻ സെക്രട്ടേറിയറ്റിൽ രാജിസന്നദ്ധത അറിയിക്കുകയും പാർട്ടി ആ തീരുമാനം അംഗീകരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വിജയരാഘവൻ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇതോടെ തീർന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വനിത കമ്മീഷൻ അധ്യക്ഷ ഒരു മാധ്യമപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ അനുചിതമായ ചില പരാമർശങ്ങൾ അവരിൽ നിന്നുണ്ടായി.
ഇതേതുടർന്ന് അവർ പൊതുസമൂഹത്തോട് മാപ്പ് പറയുകയും പാർട്ടിയിൽ ഇതേക്കുറിച്ച് വിശദീകരണം നൽകുകയും രാജിസന്നദ്ധത അറിയിക്കുകയും ചെയ്തു.

അവരുടെ രാജി തീരുമാനത്തെ പാർട്ടി അംഗീകരിച്ചു. ഇക്കാര്യത്തിൽ സി.പി.ഐ.എം സ്വീകരിച്ച നിലപാട് എന്താണ് എന്നതിൽ ആർക്കും സംശയമുണ്ടാവാൻ സാധ്യതയില്ലെന്നും വിജയരാഘവൻ പറഞ്ഞു.

25-Jun-2021