കള്ളപ്പണം ; കെ. സുരേന്ദ്രന്‌ ലീഗ്‌ നേതാക്കളുമായി വഴിവിട്ട ബന്ധമെന്ന് യൂത്ത്‌ ലീഗ്‌ നേതാവ്‌

മുസ്‌ലിം ലീഗിനേയും കെ സുരേന്ദ്രനേയും പ്രതിക്കൂട്ടിലാക്കി കൊടുവള്ളിയിലെ യൂത്ത് ലീഗ് നേതാവിന്റെ വെളിപ്പെടുത്തൽ. കെ സുരേന്ദ്രൻ കൊടുവള്ളിയിലെ ലീഗ് നേതാക്കളുടെ സ്ഥിരം സന്ദർശകനാണെന്നും കള്ളക്കടത്തിന്‌ സുരേന്ദ്രൻ സഹായം നൽകുന്നുവെന്നുമാണ്‌ യൂത്ത് ലീഗ് നേതാവ് കോഴിശ്ശേരി മജീദ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചത്.

സ്വർണക്കടത്ത് കേസിൽ ഫൈസൽ കാരാട്ടിനെതിരെ കള്ളക്കേസ് ചമയ്ക്കാൻ ഈ കൂട്ടുകെട്ട് പ്രവർത്തിച്ചു. കരിപ്പൂർ വിമാനത്താവളത്തിൽ ഡിആർഐ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിൽ വരെ സുരേന്ദ്രൻ ഇടപെടുന്നതായും മജീദ് പറഞ്ഞു.

യൂത്ത് ലീഗ് ജില്ലാ കൗൺസിൽ അംഗവും കൊടുവള്ളി മുനിസിപ്പൽ ട്രഷററുമാണ്‌ കോഴിശേരി മജീദ്‌. സിപിഐ(എം) താമരശേരി ഏരിയാ കമ്മിറ്റി അംഗവും കെഎസ്‌കെടിയു ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ കെ ബാബുവിനെ വധിക്കാൻ ലീഗ് പദ്ധതിയിട്ടിരുന്നുവെന്നും മജീദ് പറഞ്ഞു.

26-Jun-2021