കോഴ വിവാദത്തിൽ ബി.ജെ.പി വയനാട് ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു
അഡ്മിൻ
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി കോഴവിവാദത്തിൽ ബി.ജെ.പി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. സി.കെ ജാനുവിന് പണം നൽകിയ കേസിലെ ആരോപണ വിധേയനാണ് പ്രശാന്ത്. തെരഞ്ഞെടുപ്പ് കോഴ വിവാദത്തില്‍ ബി.ജെ.പി വയനാട് ജില്ലാ ഘടകത്തില്‍ രൂപപ്പെട്ട പ്രതിസന്ധി തുടരുകയാണ്.
കൂടുതല്‍ നേതാക്കളുടെയും പ്രവർത്തകരുടെയും രാജി ഇന്നും ഉണ്ടാകും. ബി.ജെ.പി ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിനെ പുറത്താക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെ ചൊല്ലി ജില്ലാ ഘടകത്തിൽ ആരംഭിച്ച തർക്കങ്ങളാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചത്.
പ്രശാന്തിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട യുവമോർച്ച ജില്ലാ അധ്യക്ഷൻ ദീപുവിനെയും സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്‍റ് ലിലിൽ കുമാറിനെയും സ്ഥാനത്തു നിന്ന് നീക്കിയതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രവർത്തകർ കൂട്ടത്തോടെ രാജി വെച്ചു.