അർജുൻ ആയങ്കിക്കെതിരെ ആരും പരാതിയുമായി പാര്‍ട്ടിയെ സമീപിച്ചിട്ടില്ല: എം. വി ജയരാജന്‍

സ്വര്‍ണ്ണം നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് അര്‍ജുന്‍ ആയങ്കിക്കെതിരെ ആരും പരാതി പറയാന്‍ എത്തിയിട്ടില്ലെന്ന് സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. വി ജയരാജന്‍. അഥവാ പരാതിയുമായി ആരെങ്കിലും എത്തിയാല്‍ തന്നെ പൊലീസിനെ സമീപിക്കാനാണ് സി.പി.ഐ.എം നിര്‍ദ്ദേശിക്കുകയെന്നും ജയരാജന്‍ വ്യക്തമാക്കി.
സ്വര്‍ണ്ണം കൊണ്ടുവരാന്‍ വാഹനം കൊടുത്തു എന്ന പ്രാഥമിക നിഗമനത്തിലാണ് സി.പി.ഐ.എം അംഗത്തിനെതിരെ നടപടി എടുത്തതെന്ന് മുതിര്‍ന്ന നേതാവ് വിശദീകരിച്ചു.

പാര്‍ട്ടി അംഗങ്ങള്‍ക്ക് ക്വട്ടേഷന്‍ ബന്ധമുണ്ടോ എന്ന് പരിശോധിക്കുമെന്ന് പറഞ്ഞ എം. വി ജയരാജന്‍ സി.പി.ഐ.എം ഭരിക്കുന്ന ബാങ്കുകള്‍ സ്വര്‍ണ്ണക്കടത്തിന് നേതൃത്വം കൊടുക്കുന്നു എന്ന് മാധ്യമങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. സഹകരണ ബാങ്കിലെ ജീവനക്കാരന്‍ തെറ്റ് ചെയ്താല്‍ ബാങ്കിന്റെ പേര് പറയരുതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സഹകരണ ബാങ്കുകള്‍ക്ക് മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴത്ത്തരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ട ജയരാജന്‍ എതിര്‍ പാര്‍ട്ടിക്കാരുടെ ക്വട്ടേഷന്‍ ബന്ധം സ്ഥാപിക്കാന്‍ മുന്‍കാലങ്ങളിലെ മാധ്യമ റിപ്പോര്‍ട്ടുകള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി.

28-Jun-2021