സുധാകരന്റെ ഉപദേശം സ്വീകരിക്കൂ; ഷാഫി പറമ്പിലിനോട് എ.എ റഹിം

രാമനാട്ടുകര സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.പി.ഐ.എമ്മിനെ വിമര്‍ശിച്ച ഷാഫി പറമ്പില്‍ എം.എല്‍.എയോട് പോക്‌സോ കേസിലെ പ്രതിയെ യൂത്ത് കോണ്‍ഗ്ര ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയിട്ട് സംസാരിക്കണമെന്ന് എ.എ റഹീം.

''ഷാഫി പറമ്പില്‍ ആദ്യം ചെയ്യേണ്ടത് പോക്‌സോ കേസിലെ പ്രതിയെ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റാനുള്ള തന്റേടം കാണിക്കുകയാണ്, അത് ചെയ്യില്ല. യൂത്ത് കോണ്‍ഗ്രസ് എന്ന സംഘടന തന്നെ ഇല്ലായെന്ന് ഞങ്ങള്‍ പറയുന്നത് അല്ലല്ലോ, സുധാകരനുള്‍പ്പെടെ പറയുന്നണ്ടല്ലോ ഡി.വൈ.എഫ്‌.ഐയെ കണ്ട് പഠിക്കണമെന്നത്.

സുധാകരന്റെ ഉപദേശം സ്വീകരിക്കൂ എന്നാണ് ഷാഫിയോട് എനിക്ക് പറയാനുള്ളത്. ഡി.വൈ.എഫ്‌.ഐ എന്ന സംഘടന ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതാണ്. സമൂഹത്തിലെ എല്ലാ തെറ്റായ പ്രവണതകള്‍ക്കെതിരെയും സമരം ചെയ്യുന്നവരാണ്. ഇത്തരത്തിലുള്ള തിരുത്തല്‍ പ്രവര്‍ത്തനങ്ങള്‍ കാണിക്കാനുള്ള ആര്‍ജവം യൂത്ത് കോണ്‍ഗ്രസിനില്ല.

ഒരു പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിപ്പിച്ച് അവരെ ഭീഷണിപ്പെടുത്താന്‍ മുന്നില്‍ നില്‍ക്കുന്നത് യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ ജനറല്‍ സെക്രട്ടറിയാണ്. അയാളെ പുറത്താക്കാത്തത് എന്തുകൊണ്ടാണ്. അയാള്‍ക്ക് വേണ്ടി എറണാകുളം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. എന്നിട്ടും അയാള്‍ക്ക് അനുകൂലമായി നല്‍ക്കുകയാണ് യൂത്ത് കോണ്‍ഗ്രസ്.

ഇതിനുമുന്‍പ് കത്വാ കേസിലാണ് ഇങ്ങനെ കണ്ടിരിക്കുന്നത്. കത്വയിലെ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടപ്പോള്‍ ആ കേസിലെ പ്രതികള്‍ക്ക് വേണ്ടി സംഘപരിവാറുകാര്‍ ജാഥ നയിച്ചിരുന്നു. കത്വ കഴിഞ്ഞാല്‍ പിന്നെ എറണാകുളത്താണ് ഇങ്ങനെയൊരു നടപടി കണ്ടത്.

ജാഥ നയിക്കുന്നത് ഷാഫി പറമ്പിലിന്റെ ആളുകളാണ്. ഷാഫി പറമ്പിലിന്റെ ഉപദേശം തത്ക്കാലം ഡി.വൈ.എഫ്‌.ഐക്ക് ആവശ്യമില്ല. ഷാഫി പറമ്പില്‍ തത്ക്കാലം സുധാകരന്റെ ഉപദേശം കേള്‍ക്കൂ,'' എ.എ റഹീം പറഞ്ഞു.

28-Jun-2021