തെരഞ്ഞെടുപ്പ് കോഴ: വയനാട് ബി.ജെ.പിയില്‍ കൂടുതല്‍ രാജി

നിയമസഭാ തെരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബി.ജെ.പിയില്‍ കൂടുതല്‍ രാജി.വയനാട് ബി.ജെ.പി കോഴ വിഷയത്തില്‍ നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച്‌ ആണ് രാജി. ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സജിത്ത് കക്കടം. സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് എന്നിവര്‍ കൂടി ഇന്നു രാജിവെച്ചു.കഴിഞ്ഞ ദിവസം യുവമോര്‍ച്ചയില്‍ നിന്ന് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ മുന്നൂറോളം പേര്‍ രാജിവെച്ചിരുന്നു.വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയവരെ നേതൃത്വം സംരക്ഷിക്കുകയാണെന്ന് പുറത്തുപോയവര്‍ പറയുന്നു.

ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലുള്‍പ്പെടെയുള്ളവരാണ് ക്രമക്കേടുകള്‍ നടത്തിയതെന്നും ഇത് ചോദ്യം ചെയ്തവരെ അന്യായമായി പുറത്താക്കിയെന്നും ആരോപിച്ചാണ് കൂട്ടരാജി ബി.ജെ.പിയില്‍ തുടരുന്നത്.അതേസമയം, സി. കെ ജാനുവിന് കെ. സുരേന്ദ്രന്‍ 25 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസില്‍ ക്രൈം ബ്രാഞ്ച് ഇന്നലെ ചോദ്യം ചെയ്തിരുന്നു. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ബി.ജെ.പി നേതാക്കളെ ചോദ്യം ചെയ്യാനുമിരിക്കെയാണ് പ്രമുഖ നേതാക്കള്‍ തന്നെ പാര്‍ട്ടിവിടുന്നത്.

ഭിന്നത രൂക്ഷമായതോടെ തെരഞ്ഞെടുപ്പിന് ശേഷമുള്ള യോഗങ്ങള്‍ പോലും വിളിച്ചുചേര്‍ക്കാന്‍ നേതാക്കള്‍ തയ്യാറായിട്ടില്ല. ഇതിനെതിരെ ഒരു വിഭാഗം രാജി ഭീഷണിയുമായി രംഗത്തെത്തിയിട്ടുമുണ്ട്.സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേഷ് നേരിട്ടെത്തി നടത്തിയ നീക്കങ്ങളും പൊളിഞ്ഞതോടെ ബി.ജെ.പി നേരിടുന്നത് വലിയ പ്രതിസന്ധിയാണ്.തെരഞ്ഞെടുപ്പ് ചിലവുകള്‍ക്കായി ബത്തേരി മണ്ഡലത്തില്‍ മാത്രം ഒന്നരക്കോടിരൂപയുടെ അനധികൃത ഇടപാടുകള്‍ നടന്നുവെന്നാണ് ബി.ജെ.പിക്കുള്ളില്‍ തന്നെയുള്ള ആരോപണം.അതേസമയം, ബത്തേരി കോഴക്കേസില്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത പ്രശാന്ത് മലവയല്‍ പറഞ്ഞ പല കാര്യങ്ങളിലും വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

28-Jun-2021