വ്യാജ വാര്‍ത്തയുടെ പേരില്‍ കര്‍ണാടക മുഖ്യമന്ത്രി കേരളാ മുഖ്യമന്ത്രിക്ക് കത്തയച്ചു

സംസ്ഥാനതിന്റെവടക്കാന്‍ ജില്ലയായ കാസര്‍ഗോട്ടെ അതിര്‍ത്തിയിലുള്ള കന്നട ഭാഷയിലുള്ള ഗ്രാമപ്പേരുകള്‍ മാറ്റാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചതായി വ്യാജവാര്‍ത്ത. വാര്‍ത്തയെ തുടര്‍ന്ന് ഗ്രാമപ്പേരുകള്‍ മാറ്റരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

എന്നാല്‍ ഇത്തരത്തില്‍ ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റുന്നതിനുള്ള ചര്‍ച്ച പോലും നടന്നിട്ടില്ലെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചു. ഇന്നലെയായിരുന്നു കാസര്‍ഗോഡ് ജില്ലയിലെ കര്‍ണാടകയോട് ചേര്‍ന്നുകിടക്കുന്ന പത്തോളം ഗ്രാമങ്ങളുടെ പേരുകള്‍ മാറ്റി മലയാളത്തിലാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചതായുള്ള വാര്‍ത്ത ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

പി.ടി.ഐയില്‍ നിന്നുള്ള വാര്‍ത്ത ഔട്ട്‌ലുക്ക് അടക്കമുള്ള മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.വാര്‍ത്തകളെ തുടര്‍ന്ന് നടപടിയില്‍ നിന്നും പിന്മാറണെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് കത്തയച്ചതായി കര്‍ണാടക വികസന ബോര്‍ഡ് അതോറിറ്റി ചെയര്‍മാന്‍ ഡോ. സി. സോമശേഖര്‍ പറഞ്ഞതായി എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

എന്‍.ഡി.ടി.വി. പുറത്തുവിട്ട റിപ്പോര്‍ട്ടിലും ഗ്രാമപ്പേരുകള്‍ മാറ്റുമെന്നത് വ്യാജവാര്‍ത്ത മാത്രമാണെന്ന് കേരള സര്‍ക്കാര്‍ അറിയിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ്, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍, മഞ്ചേശ്വരം എം.എല്‍.എ. എ.കെ.എം. അഷറഫ്, കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ ഡി. സജിത്ത് ബാബു എന്നിവരെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ സംഭവത്തിന്റെ സത്യാവസ്ഥ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

29-Jun-2021