കേരളത്തില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് 18 ന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കും. ഇതു സംബന്ധിച്ചുള്ള സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം കൊവിന്‍ പോര്‍ട്ടല്‍ അപ്‌ഡേറ്റ് ചെയ്യുന്നതോടെ ഇന്നുമുതല്‍ മുന്‍ഗണന നോക്കാതെ 18ന് മുകളിലുള്ളവര്‍ക്കും വാക്‌സിന്‍ ലഭ്യമാകും. എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമ്പോഴും മുന്‍ഗണന തുടരുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

വാക്‌സിന്‍ എടുക്കുന്നതിനായി കൊവിന്‍ വെബ് സൈറ്റില്‍ (https://www.cowin.gov.in) രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് തിരഞ്ഞെടുക്കണം. രജിസ്റ്റര്‍ ചെയ്ത് സ്ലോട്ട് എടുക്കാതെ വാക്‌സിനേഷന്‍ സെന്ററുകളില്‍ എത്തരുതെന്നും വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ജനസംഖ്യാടിസ്ഥാനത്തില്‍ 31.54 ശതമാനം പേര്‍ക്കാണ് (1,05,37,705) ആദ്യഡോസ് വാക്‌സിന്‍ നല്‍കിയത്. 8.96 ശതമാനം പേര്‍ക്ക് (29,93,856) രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,35,31,561 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

29-Jun-2021