സ്പീക്കറുടെ പി. എ ചമഞ്ഞ് ജോലി തട്ടിപ്പ്നടത്തിയ ആൾ പിടിയിൽ

നിയമസഭാ സ്‌പീക്കറുടെ പി.എ ചമഞ്ഞ് സ്ത്രീകളെ അടക്കം കബളിപ്പിച്ച് പണം തട്ടിയ പ്രതി പിടിയിൽ. പാലക്കാട് സ്വദേശിയും കുമാരനല്ലൂരിൽ വാടകയ്‌ക്ക് താമസിക്കുന്ന ആളുമായ പ്രവീൺ ബാലചന്ദ്രനെയാണ് (38) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്‌തത്. ഉഴവൂർ സ്വദേശിയായ യുവതി സ്‌പീക്കറെ ഫോണിൽ വിളിച്ച് അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതേ തുടർന്നു സ്പീക്കർ ഡി.ജി.പിയ്ക്കു നൽകിയ പരാതി, ജില്ലാ പൊലീസ് മേധാവി ഡി.ശില്‌പയ്ക്ക് അയച്ചു നൽകുകയായിരുന്നു. തുടർന്നു ഗാന്ധിനഗർ പൊലീസ് വിഷയത്തിൽ കേസെടുത്തു.

സ്‌പീക്കറുടെ പഴ്സ‌ണൽ സ്റ്റാഫ് ചമഞ്ഞ് പ്രവീൺ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന രീതിയിൽ തട്ടിപ്പ് നടത്തിയിട്ടുണ്ട്. നേരത്തെ തിരുവനന്തപുരത്ത് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രവീണിനെ പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു. ഇതിനു ശേഷമാണ് ഇയാൾ കുമാരനല്ലൂരിലെ വീട്ടിലേയ്ക്കു താമസം മാറ്റിയത്. ഇവിടെ എത്തിയ ശേഷവും താൻ സ്പീക്കറുടെ സ്റ്റാഫാണ് എന്ന രീതിയിൽ തന്നെയാണ് ഇയാൾ നടന്നിരുന്നത്. കോട്ടയത്ത് ജല അതോറിറ്റിയിൽ ജോലി വാഗ്‌ദാനം ചെയ്താണ് ഉഴവൂർ സ്വദേശിയിൽ നിന്നും പതിനായിരം രൂപ തട്ടിയെടുത്തത്. മുണ്ടക്കയം സ്വദേശിയോടും സമാന രീതിയിൽ ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. ഇത് കൂടാതെ ആറോളം പരാതികൾ പ്രതിയ്‌ക്കെതിരെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ ഉണ്ടെന്നും പൊലീസ് അറിയിച്ചു.

പണം വാങ്ങിയ ശേഷം ജോലി ലഭിക്കാതെ വന്നതോടെ ഉഴവൂർ സ്വദേശിയായ യുവതി സ്‌പീക്കറെ നേരിട്ട് ഫോണിൽ വിളിക്കുകയായിരുന്നു. ഇതേ തുടർന്നാണ് വിവരം പുറത്ത് അറിഞ്ഞത്. തുടർന്നു സംസ്ഥാന പൊലീസ് മേധാവിയ്‌ക്കു പരാതി നൽകിയ ശേഷം അന്വേഷണം ആരംഭിച്ചു. ഇതേ തുടർന്നാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ പ്രതിയെ തൃശൂരിൽ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുകയാണ്. തട്ടിപ്പിനായി ഇയാൾ വ്യാജ രേഖ നിർമിച്ചതയും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാൾക്കെതിരെ കോട്ടയം ജില്ലയിൽ മാത്രം സമാനമായ രീതിയിൽ 6 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗാന്ധിനഗര്‍‌ പൊലീസ് അറിയിച്ചു.

29-Jun-2021