വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന മുന്നൂറ് വാണിജ്യ ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി

കേരളത്തില്‍ വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന മുന്നൂറു വാണിജ്യ ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി അനുവദിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഒന്നര കോടി രൂപയാണ് സബ്‌സിഡിയായി നല്‍കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാനതല വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ശുപാര്‍ശ ഗതാഗത മന്ത്രി അംഗീകരിച്ചു.

പുതിയ ഓട്ടോറിക്ഷകള്‍ക്ക് സബ്‌സിഡി നല്‍കുവാന്‍ ഒന്നര കോടി രുപയുടെ ഭരണാനുമതിയും നല്‍കിയിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനം നേരിടാന്‍ ലോകം മുഴുവന്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ അതിനോട് ചേര്‍ന്നു നീങ്ങാനുള്ള ചെറിയൊരു കാല്‍വയ്പാണിതെന്നും, കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധന മൂലം നട്ടം തിരിയുന്ന സാധാരണക്കാരായ ഓട്ടോറിക്ഷ തൊഴിലാളികള്‍ക്ക് ഇതു മൂലം ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഗതാഗത മന്ത്രി ആന്റണി രാജു അഭിപ്രായപെട്ടു.

നേരത്തെ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച ഇ വാഹന നയത്തില്‍ വാണിജ്യവാഹനങ്ങളില്‍ വൈദ്യുതി ഇന്ധന ഉപയോഗം പ്രോത്സാഹിപ്പിക്കുവാന്‍ നിര്‍ദേശിച്ചിരുന്നു.ഈ സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ പന്ത്രണ്ടു കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.

29-Jun-2021