ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ന് 100 വയസ്സ്

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(സി.പി.സി.)ക്ക് ഇന്ന് 100 വയസ്സ് തികയും. നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി വലിയ ആഘോഷ പരിപാടികളാണ് രാജ്യത്ത് ഒരുക്കിയിട്ടുള്ളത്. കൊവിഡ് സാഹചര്യ കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് ആഘോഷ പരിപാടിളെന്നാണ് റിപ്പോര്‍ട്ടുകൾ. രാഷ്ട്രീയ വികസനത്തിലും മാനുഷിക വളര്‍ച്ചയിലും ഉജ്ജ്വലമായ അധ്യായമാണ് ഒരു നൂറ്റാണ്ടുകൊണ്ട് പാര്‍ട്ടി എഴുതിച്ചേര്‍ത്തതെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് പറഞ്ഞു.

ആഘോഷങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ലെങ്കിലും ഇന്ന് ടിയാനന്‍മെന്‍ ചത്വരത്തില്‍ ഷീ ജിന്‍പിങ് സുപ്രധാനമായ പ്രസംഗം നടത്തുന്നുണ്ട്. മാവോ സേദുങ്ങിനുശേഷം രാജ്യത്തെ ഏറ്റവും കരുത്തനായ നേതാവായ ജിന്‍പിങ്, രാജ്യാന്തര തലത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നതിനാലാണ് അദ്ദേഹത്തിന്റെ പ്രസംഗം വിലയിരുത്തപ്പെടുന്നത്. 2012ല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ഷീ 2013ല്‍ പ്രസിഡന്റായി ചുമതലയേറ്റെടുക്കുകയായിരുന്നു.

ചൈനയിലെ ചോദ്യം ചെയ്യപ്പെടാത്ത ഏക സ്ഥാപനമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന സ്ഥാപിച്ചതും രാജ്യം ഭരിക്കുന്നതുമായ ഏക ഭരണകക്ഷി കൂടിയാണ് സി.സി.പി. 1921 ല്‍ സോവിയറ്റ് യൂണിയന്റെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഫാര്‍ ഈസ്റ്റേണ്‍ ബ്യൂറോയുടെയും കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഫാര്‍ ഈസ്റ്റേണ്‍ സെക്രട്ടേറിയറ്റിന്റെയും സഹായത്തോടെയാണ് ചൈനയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപിച്ചത്.

01-Jul-2021