സംസ്ഥാനത്ത് കോവിഡ് മരണങ്ങള്‍ നിശ്ചയിച്ചത് ലോകാരോഗ്യ സംഘടനയുടേയും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റേയും മാനദണ്ഡങ്ങള്‍ പ്രകാരമെന്ന നിലപാട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ആവര്‍ത്തിച്ചു. എന്നാല്‍ ഇതില്‍ എന്തെങ്കിലും തെറ്റു പറ്റിയെങ്കില്‍ പരിഗണിക്കുമെന്നും മന്ത്രി തിരുവനന്തപുരത്തു പറഞ്ഞു.
മരണകാരണങ്ങള്‍ നിശ്ചയിച്ചതില്‍ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ അതു ഇ മെയില്‍ നല്‍കാം. പരാതിയുമായി സര്‍ക്കാര്‍ഓഫീസുകള്‍ കയറിയിറങ്ങേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു. ജനങ്ങളോടൊപ്പമാണ് സര്‍ക്കാര്‍ നില്‍ക്കുന്നത്. അവര്‍ക്ക് കൂടുതല്‍ ആനുകൂല്യം കിട്ടുന്ന സാഹചര്യം ഒരുങ്ങിയത് സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടായതോടെയാണ്. മരണസര്‍ട്ടിഫിക്കറ്റില്‍ കാരണം രേഖപ്പെടുത്താത്ത കേസുകള്‍ പരിഗണിക്കുമെന്നു മന്ത്രി പറഞ്ഞു.
രോഗം ഭേദമായ ശേഷം അനുബന്ധ രോഗങ്ങള്‍ മൂലം മൂന്നു മാസത്തിനിടെ മരിച്ചാല്‍ പോലും കോവിഡ് മരണമായി കണക്കാക്കണമെന്നാണ് നിര്‍ദ്ദേശം. ഇതനുസരിച്ച് ഒന്നാം തരംഗത്തിലും തുടര്‍ന്ന് രണ്ടാം തരംഗത്തിലും കോവിഡ് ബാധിച്ചോ അല്ലാതെയോ മരണത്തിനു വിധേയരായവരുടെ പട്ടിക വീണ്ടും തയ്യാറാക്കേണ്ടി വരും. ഇതില്‍ കൂടുതല്‍ നിയമോപദേശം വേണമെന്നാണ് കേന്ദ്രം അറിയിച്ചത്. സംസ്ഥാന തലത്തിലും പുനപ്പരിശോധന വേണ്ടിവരും.