കൊടകര കുഴൽപ്പണ കേസില്‍ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യും
അഡ്മിൻ
തൃശൂര്‍ ജില്ലയിലെ കൊടകര കുഴൽപ്പണ കവർച്ചക്കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെ പൊലീസ് ചോദ്യം ചെയ്യും. ഇതിനായി ചൊവ്വാഴ്ച രാവിലെ പത്തിന് തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാൻ നോട്ടീസ് നൽകി. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്.
കൊടകരയിൽ മൂന്നരക്കോടി രൂപ കുഴൽപണം കവർന്ന കേസിൽ കഴിഞ്ഞദിവസം രണ്ടുപേർ കൂടി അറസ്റ്റിലായിരുന്നു. 15ാം പ്രതി കണ്ണൂർ മൊട്ടമ്മൽ പാറക്കടവ് ഷിൽനാ നിവാസിൽ ഷിഗിൽ (30), ഇയാളെ സഹായിച്ച കണ്ണൂർ പുല്ലൂക്കര പട്ടരുപിടിക്കൽ വീട്ടിൽ റാഷിദ് (26) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം തിരുപ്പതിയിൽനിന്ന് പിടികൂടിയത്. ഇതോടെ സ്ത്രീയുൾപ്പെടെ 23 പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. ഇതുവരെ ആർക്കും ജാമ്യം ലഭിച്ചിട്ടില്ല.
ഇതിനകം 1.42 കോടിയാണ് പൊലീസ് കണ്ടെത്തിയത്.ഏപ്രിൽ മൂന്നിന് പുലർച്ചയാണ് കൊടകര മേൽപ്പാലത്തിന് സമീപം വാഹനാപകടമുണ്ടാക്കി പണമുണ്ടായിരുന്ന കാർ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി കവർന്നത്. തെരഞ്ഞെടുപ്പ് ആവശ്യത്തിന് ബി.ജെ.പിയെത്തിച്ച ഫണ്ടാണ് കവർച്ച െചയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട്.