ഗ്രൂപ്പ് മറന്ന് കെ.സുരേന്ദ്രനൊപ്പം നില്ക്കാന് ആര്.എസ്.എസ് നേതൃത്വത്തിന്റെ ആഹ്വാനം
അഡ്മിൻ
കൊടകരയിലെ ബി.ജെ.പി കള്ളപ്പണക്കേസില്‍ സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതോടെ ബി.ജെ.പി കൂടുതല്‍ പ്രതിരോധത്തില്‍. കെ. സുരേന്ദ്രനെതിരായ നീക്കം രാഷ്ട്രീയമായി നേരിടാന്‍ ബിജെപി. ശബരിമല വിഷയത്തിന് സമാനമായി കെ.സുരേന്ദ്രനെ വേട്ടയാടുന്നുവെന്നാരോപിച്ച് ബി.ജെ.പി രംഗത്തെത്തിക്കഴിഞ്ഞു.
സംസ്ഥാന അധ്യക്ഷനെതിരായ നടപടിയെ ഗ്രൂപ്പിനതീതമായി പ്രതിരോധിക്കാനാണ് പാര്‍ട്ടി തീരുമാനം. കള്ളപ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയത് സംസ്ഥാനത്തെ ബി.ജെ.പിയിലെ പ്രതിസന്ധി രൂക്ഷമാക്കും. സ്വര്‍ണക്കടത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനും കെ.സുരേന്ദ്രനെ വ്യക്തിപരമായി വേട്ടയാടാനുമുള്ള നീക്കമായാണ് പൊലീസിന്റെ നോട്ടിസിനെ ബി.ജെ.പി ചിത്രീകരിക്കുന്നത്.
നടപടി പ്രതീക്ഷിച്ചതാണെങ്കിലും തത്ക്കാലം കെ.സുരേന്ദ്രനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ വിട്ടുനല്‍കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനം. കള്ളപ്പണക്കേസില്‍ സുരേന്ദ്രനെതിരായ കൃത്യമായ തെളിവുള്ളതിനാല്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന കാര്യം ബി.ജെ.പി ആര്.എസ്.എസ് നേതാക്കള്‍ ഉറപ്പിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഗ്രൂപ്പ് മറന്ന് കെ.സുരേന്ദ്രനൊപ്പം നില്ക്കാന് ആര്.എസ്.എസ് നേതൃത്വം ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെട്ടത്. വിവാദങ്ങളില്‍ പാര്‍ട്ടിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എതിര് ചേരി പിന്തുണയറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ പിന്തുണയും സുരേന്ദ്രനൊപ്പമാണ്.