രാജ്യത്തെ പ്രധാന ടൂറിസം ഡെസ്​റ്റിനേഷനാക്കി വയനാടിനെ മാറ്റും: പി.എ.മുഹമ്മദ് റിയാസ്

ഇന്ത്യയിലെ പ്രധാന ടൂറിസം ഡെസ്​റ്റിനേഷനാക്കി വയനാടിനെ മാറ്റും ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അടുത്ത ഓണത്തിനു മുന്‍പായി പ്രത്യേക മാസ്​റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി ജനപ്രതിനിധികള്‍, ജില്ല ഭരണകൂടം, ടൂറിസം വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ യോജിച്ച പ്രവര്‍ത്തനം ഉറപ്പു വരുത്തുമെന്നും മന്ത്രി പറഞ്ഞു.

കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. വയനാടിനായി പ്രത്യേക ടൂറിസം സര്‍ക്യൂട്ട് രൂപപ്പെടുത്തും. ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും വയനാട് ടൂറിസം മാപ്പിനു കീഴില്‍ കണക്റ്റിവിറ്റി ഉറപ്പാക്കും.തൊട്ടടുത്ത വിമാനത്താവളങ്ങളില്‍നിന്ന് വയനാട്ടിലേക്ക് ഹെലികോപ്റ്റര്‍ കണക്റ്റിവിറ്റി സാധ്യത പരിശോധിക്കും.

കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങളില്‍ വയനാടിന്റെ​ ടൂറിസം സാധ്യതകള്‍ പരിചയപ്പെടുത്തുന്നതിന് പ്രത്യേക ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കുന്ന കാര്യവും ആലോചിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വകുപ്പുകളുമായും ബന്ധപ്പെട്ട റോഡുകള്‍ മാസ്​റ്റര്‍ പ്ലാനിന്റെ​ ഭാഗമായി മെച്ചപ്പെട്ട രീതിയില്‍ കോര്‍ത്തിണക്കും. ജില്ലയുമായി ബന്ധപ്പെടുത്തുന്ന എല്ലാ ചുരം റോഡുകളും നല്ലനിലയില്‍ ഗതാഗതയോഗ്യമാക്കുമെന്നും പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

03-Jul-2021