കൊടകര കുഴല്‍പ്പണക്കേസിൽ കെ. സുരേന്ദ്രനെ തള്ളി ശോഭാ സുരേന്ദ്രന്
അഡ്മിൻ
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നേരിട്ട് പിന്തുണയ്ക്കാതെ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. പറയുന്നതെല്ലാം സുരേന്ദ്രന്‍ വിശദീകരിക്കുന്നുണ്ടെന്നും വ്യക്തികളല്ല പാര്‍ട്ടിയെന്നും ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചു.
കേസില്‍ നിയമ നടപടികള്‍ക്ക് അദ്ദേഹം വിധേയനാകുന്നില്ലെങ്കില്‍ ആഭ്യന്തര വകുപ്പിന് പരിശോധിക്കാം. സുരേന്ദ്രന്‍ ഒളിവില്‍ അല്ല. സുരേന്ദ്രന്‍ ഒളിവില്‍ ആണെന്ന് പറയുന്നത് സര്‍ക്കാരിന്റെ ഒളിച്ച് കളി മാത്രമെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിക്കുന്നു.
കൊടകര കുഴല്‍പ്പണ കേസില്‍ കെ. സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകാനാണ് നിര്‍ദേശം. കെ. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടില്‍ നേരിട്ടെത്തിയാണ് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് നല്‍കിയത്. കൊടകര കുഴല്‍പ്പണ കേസില്‍ സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ വന്നിരുന്നു.