സംസ്ഥാനത്തിന്റെ വികസനത്തിന് എതിര് നിൽക്കാന്‍ നേതൃത്വം കൊടുക്കുന്നത് ജമാഅത്തെ ഇസ്‌ലാമി: എ.എ. റഹീം

കേരളം നടത്തുന്ന വികസന പ്രവര്‍ത്തനത്തിന് എതിര് നിൽക്കാന്‍ നേതൃത്വം കൊടുക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. കെ റെയിലിനെതിരായ പ്രതിഷേധങ്ങളെ സൂചിപ്പിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് എ.എ. റഹീം മറുപടി നല്‍കിയത്. സംസ്ഥാനത്തെ ചില ശക്തികള്‍ എല്ലാ വികസനപ്രവര്‍ത്തനങ്ങള്‍ക്കും എതിരാണെന്നും അതിന് നേതൃത്വം കൊടുക്കുന്ന സംഘടന ജമാഅത്തെ ഇസ്‍ലാമിയാണെന്നും റഹീം പറഞ്ഞു.

ജമാഅത്തെ ഇസ്‍ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ക്ക് ചില രാഷ്ട്രീയ അജണ്ടകളുണ്ടെന്നും ഇവര്‍ക്ക് വലതുപക്ഷ സംഘടനകളോട് ഐക്യപ്പെടാന്‍ ഒരു പ്രയാസവുമില്ലെന്നും റഹീം ചൂണ്ടിക്കാട്ടി. കീഴാറ്റൂരില്‍ സുരേഷ് ഗോപി ഉള്‍പ്പെടെ പോയി, പി.കെ കൃഷ്ണദാസ് ജാഥ നയിച്ചെന്നും റഹീം ഓര്‍മ്മിപ്പിച്ചു. കേരളത്തിന്‍റെ പൊതുപുരോഗതിയെ പിറകോട്ടടിപ്പിക്കുന്ന കാര്യമാണ് ഇവിടെ നടക്കുന്നതെന്നും പരിസ്ഥിതി ആഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ സംസ്ഥാനത്ത് ഏജന്‍സികളുണ്ടെന്നും അവര്‍ ഉറപ്പ് നല്‍കിയാല്‍ ഏത് പദ്ധതിയാണ് കേരളത്തില്‍ നടപ്പിലാക്കി കൂടാത്തതെന്നും റഹീം ചോദിച്ചു.

ശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ അഭിപ്രായം പൂര്‍ണമായും ശരിയാകണമെന്നില്ല. വികസനം വേണ്ടെന്ന് പറയരുത്. സംസ്ഥാനത്തും രാജ്യത്തും നിയമവ്യവസ്ഥയുണ്ട്. അതൊക്കെ തീരുമാനിക്കാന്‍ ഹരിത ട്രൈബ്യൂണലുണ്ടെന്നും റഹീം പറഞ്ഞു. ഏറ്റവും മികച്ച പരിസ്ഥിതിവാദ സംഘടനയാണ് ഡി.വൈ.എഫ്.ഐ. തരിശ് കിടന്ന ഭൂമിയിൽ കൃഷിയിറക്കുന്ന സംഘടനയാണെന്നും എ.എ. റഹീം പറഞ്ഞു..

03-Jul-2021