കര്‍ഷക സമരം പാര്‍ലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുന്നു

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വിവിധ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം പാര്‍ലമെന്റിന് മുന്നിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്താനാണ് സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ തീരുമാനമായത്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ഈ മാസം 19 തുടങ്ങാനിരിക്കെയാണ് കര്‍ഷകരുടെ പ്രഖ്യാപനം. സിംഘുവില്‍ ഇന്ന് കൂടിയ സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് തീരുമാനം എടുത്തത്. വര്‍ഷക്കാല സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് കര്‍ഷക സംഘടനകളുടെ നീക്കം. പ്രതിഷേധത്തിന് മുന്നോടിയായി പാര്‍ലമെന്‍ന്റിന് അകത്തും പുറത്തും കര്‍ഷകസമരത്തിന് പിന്തുണ ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കത്ത് നല്‍കും.

കൂടാതെ നിയമങ്ങള്‍ പിന്‍വലിക്കുന്നത് സമ്മേളനത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടും. ഇതിന് ശേഷം ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തുമെന്നാണ് പ്രഖ്യാപനം. ദിവസേന അഞ്ച് കര്‍ഷക സംഘടനാ നേതാക്കള്‍, ഇരൂനൂറ് കര്‍ഷകര്‍ എന്ന നിലയാകും പ്രതിഷേധം.

05-Jul-2021