കിറ്റെക്സ് എം.ഡിയുടെ ആക്ഷേപം സമൂഹം വിലയിരുത്തട്ടെ: മന്ത്രി പി. രാജീവ്

കേരളത്തില്‍ നിന്നും തങ്ങള്‍ സ്വയം പോകുന്നതല്ലെന്നും സര്‍ക്കാര്‍ തന്നെ ആട്ടിയോടിക്കുകയാണെന്നുമുള്ള കിറ്റെക്സ് എം.ഡി സാബു ജേക്കബിന്റെ ആരോപണത്തോട് പ്രതികരിച്ച് വ്യവസായ മന്ത്രി പി. രാജീവ്. ചവിട്ടിപ്പുറത്താക്കിയെന്ന കിറ്റെക്സ് എംഡിയുടെ ആക്ഷേപം സമൂഹം വിലയിരുത്തട്ടെയെന്ന് പി രാജീവ് വ്യക്തമാക്കി.

സര്‍ക്കാര്‍ തലത്തില്‍ പരാതി പരിശോധിക്കാനും ചര്‍ച്ചയ്ക്കും തയ്യാറായിരുന്നു. കേരളത്തിലെ ഇവിടുത്തെ വ്യവസായ അന്തരീക്ഷത്തെ കുറിച്ച് കളമശേരിയിലെ ‘സ്റ്റാര്‍ട്ടപ്പു’കളോട് ചോദിക്കാം. ആക്ഷേപം ഉന്നയിച്ച് പ്രചാരവേല വേണ്ടിയിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍എല്ലാ സംരംഭകരുമായും നല്ല രീതിയില്‍ ചര്‍ച്ച ചെയ്ത് കാര്യങ്ങള്‍ കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഈ പ്രശ്‌നത്തില്‍ ഒരു തരത്തിലും ഇടപെട്ടിട്ടില്ലെന്നും അവരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നുവെന്നും രാജീവ് പറഞ്ഞു. നല്ല രീതിയില്‍ വ്യവസായം തുടങ്ങാനുള്ള അന്തരീക്ഷം ഇവിടെ ശക്തിപ്പെട്ട് വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നല്ല രീതിയില്‍ നിക്ഷേപകര്‍ ഇവിടേക്ക് വരുന്നുണ്ട്. ഇത്തരം ഒരു സാഹചര്യം നിലനില്‍ക്കുമ്പോള്‍ തെറ്റായ രീതിയിലുള്ള സന്ദേശം ഉണ്ടാകരുതെന്ന അഭ്യര്‍ത്ഥനയാണ് നടത്തിയത്. നല്ല രീതിയില്‍ ഗവണ്‍മെന്റ് സംരംഭകരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

09-Jul-2021