സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ടവരാരും സി.പി.ഐ.എം പ്രവർത്തകരോ അംഗങ്ങളോ അല്ല: എ. വിജയരാഘവന്‍

ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്ന ആര്‍ക്കും പാര്‍ട്ടിയുടെ സംരക്ഷണമോ സഹായമോ കിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. സ്വർണക്കടത്തു കേസിൽ ഉൾപ്പെട്ടവരാരും സി.പി.ഐ.എം പ്രവർത്തകരോ അംഗങ്ങളോ അല്ല. പ്രതികളെ സഹായിച്ചെന്ന ആരോപണം നേരിട്ട പാർട്ടി അംഗത്തെ പുറത്താക്കിയെന്നും പാർട്ടി പത്രത്തിലെഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഇത്തരക്കാർക്കു നിയമപരമായ ശിക്ഷ ഉറപ്പാക്കുന്നതിന് പാർട്ടി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടി അംഗങ്ങളുടെ വ്യക്തിജീവിതവും സംശുദ്ധമായിരിക്കണമെന്ന് നിര്‍ബന്ധമുള്ള പ്രസ്ഥാനമാണ് സിപിഐ എം. ജനങ്ങള്‍ക്കിടയില്‍ സ്വാര്‍ത്ഥതാത്പര്യങ്ങളില്ലാതെ ത്യാഗപൂര്‍വം പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിനു പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ കരുത്ത്. കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ വ്യക്തിജീവിതത്തില്‍ പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ അത് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് വലിയ കളങ്കമുണ്ടാക്കുമെന്ന് വ്യക്തമായി തിരിച്ചറിഞ്ഞ പാര്‍ട്ടിയാണ് സി.പി.ഐ. എം. അതുകൊണ്ടാണ് അംഗങ്ങളുടെ തെറ്റായ പ്രവണതകള്‍ക്കെതിരെ പാര്‍ട്ടി നിരന്തരം പോരാടുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ വിജയവും നയതന്ത്ര ബാഗേജ്‌ വഴി നടന്ന കള്ളക്കടത്തിന്റെ പേരിൽ സർക്കാരിനെയും പാർട്ടിയെയും പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമം പൊളിഞ്ഞതും ബിജെപിയുടെ പ്രമുഖ നേതാക്കൾക്കു കൊടകര കുഴൽപ്പണക്കേസുമായുള്ള ബന്ധം പുറത്തുവന്നതുമാണ് സിപിഎമ്മിനെതിരെയുള്ള ആരോപണങ്ങൾക്കു പിന്നിലെന്നു ലേഖനത്തിൽ പറയുന്നു.

കേന്ദ്ര ഏജൻസികളുടെ ചുമതലയിലാണ് വിമാനത്താവളങ്ങളുടെ സുരക്ഷ. കള്ളക്കടത്ത് തടയാൻ നിയോഗിക്കപ്പെട്ട ഏജൻസിയാണ് കസ്റ്റംസ്. കള്ളക്കടത്ത് നിർബാധം നടക്കുന്നുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്ര ഏജൻസികൾക്കാണ്. സംസ്ഥാനത്തെ നാലു വിമാനത്താവളം വഴിയും കള്ളക്കടത്തായി സ്വർണം ഒഴുകുന്നുണ്ട്. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പിടിക്കപ്പെടുന്നതിൽ അധികവും ബിജെപി, കോൺഗ്രസ്, മുസ്‌ലിം ലീഗ് പ്രവർത്തകരാണ്.

പാർട്ടിയുടെ അടിസ്ഥാനധാരണകളെ പറ്റിയും ലക്ഷ്യങ്ങളെ പറ്റിയും മനസ്സിലാക്കാൻ പുതുതായി പാർട്ടിയിലേക്കു വരുന്നവർക്കു കഴിയുന്നില്ല; അല്ലെങ്കിൽ ശ്രമിക്കുന്നില്ലെന്നും ലേഖനത്തിൽ പറയുന്നു. പാർട്ടി അംഗങ്ങളുടെ വ്യക്തി ജീവിതവും സംശുദ്ധമായിരിക്കണമെന്നു നിർബന്ധമുള്ള പ്രസ്ഥാനമാണ് സിപിഎം. ജനങ്ങൾക്കിടയിൽ സ്വാർത്ഥതാത്പര്യങ്ങളില്ലാതെ ത്യാഗപൂർവം പ്രവർത്തിക്കുന്ന ലക്ഷക്കണക്കിനു പ്രവർത്തകരാണ് പാർട്ടിയുടെ കരുത്ത്.

ഇവരുടെ ആത്മാർത്ഥതയും ലളിതജീവിതവും സഹായമനസ്സുമാണ് കൂടുതൽ ജനപിന്തുണ ആർജ്ജിക്കാൻ പാർട്ടിയെ സഹായിക്കുന്നത്. നേതാക്കൾക്കോ പ്രവർത്തകർക്കോ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ വ്യക്തിജീവിതത്തിൽ പുലർത്താൻ കഴിയുന്നില്ലെങ്കിൽ അത് പാർട്ടിയുടെ പ്രതിച്ഛായയ്ക്കു വലിയ കളങ്കമുണ്ടാക്കുമെന്നു വ്യക്തമായി തിരിച്ചറിഞ്ഞ പാർട്ടിയാണ് സിപിഎം. അതുകൊണ്ടാണ് അംഗങ്ങളുടെ തെറ്റായ പ്രവണതകൾക്കെതിരെ പാർട്ടി നിരന്തരം പോരാടുന്നതെന്നും ലേഖനത്തിൽ പറയുന്നു.

09-Jul-2021