ഇരട്ടവോട്ടിന്റെ പേരില്‍ പ്രതിപക്ഷം മോഷ്ടിച്ചത് 2.67 കോടി ജനങ്ങളുടെ വിവരങ്ങള്‍
അഡ്മിൻ
തെരഞ്ഞെടുപ്പ് കമ്മിഷന്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന 2.67 കോടി ജനങ്ങളുടെ വോട്ടർ പട്ടിക ഉൾപ്പെടെയുള്ളവ പ്രതിപക്ഷം മോഷ്ടിച്ചതാണെന്ന ആരോപണങ്ങളെ ശരിവയ്ക്കുന്ന തെളിവുകൾ ക്രൈംബ്രാഞ്ചിന് ലഭിച്ചതായി സൂചന. തെരഞ്ഞെടുപ്പ് കമ്മിഷനിലെ ഉദ്യോഗസ്ഥരിൽ നിന്നും എസ്‌പി എസ് ഷാനവാസിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. ഇതില്‍ പ്രതിപക്ഷത്തിന്റെ മോഷണത്തെ സംബന്ധിച്ചുള്ള കൂടുതൽ തെളിവുകൾ ലഭിച്ചതായാണ് സൂചന. കമ്മിഷൻ ഓഫീസിൽ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടറും ലാപ്‌ടോപ്പും ഫോറൻസിക് പരിശോധന നടത്തും.
കമ്മിഷനിലെ വിവിധ ഉദ്യോഗസ്ഥരിൽ നിന്നെടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ മോഷണ മുതൽ കൈമാറിയവരെന്നു സംശയിക്കുന്നവരിൽ ചിലരെ അടുത്ത ദിവസംതന്നെ ചോദ്യംചെയ്തേക്കും. ഗൂഢാലോചനയിൽ പ്രവർത്തിച്ചവർ, പട്ടിക പുറത്തുവിട്ട മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടിക്കാറാം മീണ എന്നിവരിൽ നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങൾ തേടും.
തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ വെല്ലുവിളിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ഇരട്ട വോട്ട് വിവാദം ഉയർത്തി പുറത്തുവിട്ടത് പബ്ലിക് ഡോക്കുമെന്റാണെന്ന് ചെന്നിത്തല ആവർത്തിച്ചു.
വോട്ടർ പട്ടിക ആരോ ചോർത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയിലാണ് ജൂലൈ മൂന്നിന് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കമ്മിഷന്റെ ലാപ്‌ടോപ്പിൽ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടർമാരുടെ വിവരങ്ങൾ ചോർന്നുവെന്നാണ് പരാതി. ഐ ടി ആക്ടിലെ വിവിധ വകുപ്പുകളും ഗൂഢാലോചന, മോഷണ കുറ്റങ്ങളും ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതെങ്കിലും പ്രതി സ്ഥാനത്ത് ആരെയും ഉൾപ്പെടുത്തിയിട്ടില്ല.