ഡോ. പി. കെ വാര്യരുടെ വിയോഗത്തില്‍ അനുശോചിച്ച് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ
അഡ്മിൻ
കർമ്മോത്സുകവും സമർപ്പിതവുമായ ജീവിതത്തിലൂടെ ആയുർവേദത്തിന്റെ പെരുമ ലോകത്തോളം വളർത്തിയ വൈദ്യ ശ്രേഷ്ഠനാണ് ഡോക്ടർ പി. കെ വാര്യർ എന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദൻ മാസ്റ്റർ.
പാരമ്പര്യവിധികളിൽ നിന്നും അണുകിട വ്യതിചലിക്കാതെ തന്നെ ശാസ്ത്രസാങ്കേതിക വിദ്യകളെ കൂടി ക്രിയാത്മകമായി കണ്ണിചേർത്തുകൊണ്ട് ആയുർവേദത്തിന് ആഗോളതലത്തിൽ സ്വീകാര്യത നേടുന്നതിന് പ്രയത്നിച്ച മഹത് വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്.
പ്രകൃതിയെ അറിവിന്റെ ഉറവിടമാക്കുകയും വേദനിക്കുന്നവർക്കുള്ള സ്വാന്തന സാന്നിധ്യമായി സ്വയം മാറുകയും ചെയ്ത ഡോ. പി കെ വാര്യർ ചികിത്സയെ കച്ചവടമായി കാണാൻ ഒരുക്കമല്ലാത്ത മനുഷ്യസ്നേഹത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു.
കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി ആയി പതിറ്റാണ്ടുകൾ പ്രവർത്തിച്ച അദ്ദേഹം സ്ഥാപനത്തെ ലോക നിലവാരത്തിലേക്ക് ഉയർത്തി. ആയുർവേദത്തെ ലോകശ്രദ്ധയിലേക്ക് നയിക്കുന്നതോടൊപ്പം നിരവധി വിദേശ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നതിനും കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ചികിത്സാ രീതികൾക്ക് വലിയ പങ്കുണ്ട്.
വൈദ്യരത്നം പി എസ് വാരിയർ തുടങ്ങിവച്ച ആര്യവൈദ്യശാലയിലൂടെ കോട്ടയ്ക്കൽ എന്ന ഗ്രാമത്തെ ആഗോള പ്രശസ്തമാക്കുന്നതിൽ പി. കെ വാര്യർ എന്ന ആയുർവേദാചാര്യന്റെ പ്രയത്നം വിലമതിക്കാനാവാത്തതാണ്.
സമൂഹത്തിൽ മതനിരപേക്ഷ മാനവികതയുടെ പാദമുദ്രകൾ പതിപ്പിച്ചതാണ് ആ മഹാവൈദ്യൻ കടന്നുപോകുന്നത്. ഒരു നൂറ്റാണ്ടിന്റെ ജീവിതാനുഭവങ്ങളിലൂടെ വൈദ്യത്തിന്റെ മർമ്മമറിഞ്ഞ ആ 'സ്മൃതി പർവം' വിടവാങ്ങുമ്പോൾ നഷ്ടമാകുന്നത് സ്നേഹം വെെദ്യശാസ്ത്രത്തിൽ ചാലിച്ചു നൽകിയ അതുല്യ പ്രതിഭയെയാണ്.
അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളെയും ബദ്ധുക്കളെയും വൈദ്യശാലയെയും സുഹൃത്തുക്കളെയും അഗാധമായ ദുഃഖം അറിയിക്കുന്നതായും മന്ത്രി എം. വി ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.