യു.പിയില്‍ ജനസംഖ്യാ നിയന്ത്രണ ബില്ലുമായി യോഗി സര്‍ക്കാര്‍

അസമിന്​ പിന്നാലെ ജനസംഖ്യ നിയന്ത്രണത്തിന്​ നിയമ നിര്‍മ്മാണം നടപ്പാക്കാനൊരുങ്ങുകയാണ് ഉത്തര്‍പ്രദേശ്​ സര്‍ക്കാര്‍. നിർദ്ദിഷ്ട ജനസംഖ്യാ നിയന്ത്രണ ബില്ലിന്റെ കരട് സർക്കാർ പുറത്തിറക്കി. കരട് നിയമപ്രകാരം രണ്ട് കുട്ടികളിൽ കൂടുതൽ ഉള്ളവർക്ക് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനും സർക്കാർ ജോലിയിൽ സ്ഥാനക്കയറ്റം നേടുന്നതിനും ഏതെങ്കിലും തരത്തിലുള്ള സർക്കാർ സബ്‌സിഡി ലഭിക്കുന്നതിനും വിലക്കേർപ്പെടുത്തും.

ഉത്തർപ്രദേശ് പോപ്പുലേഷൻ (കൺട്രോൾ, സ്റ്റെബിലൈസേഷൻ ആൻഡ് വെൽഫെയർ) ബിൽ 2021 എന്ന കരടിലെ ഭാഗമാണ് ഈ വ്യവസ്ഥകൾ എന്ന് ഉത്തർപ്രദേശ് സ്റ്റേറ്റ് ലോ കമ്മീഷൻ (യുപിഎസ്എൽസി) പറയുന്നു.
“സംസ്ഥാനത്തെ നിയമ കമ്മീഷൻ, യുപി സംസ്ഥാനത്തെ ജനസംഖ്യാ നിയന്ത്രണം, സ്ഥിരത, ക്ഷേമം എന്നിവയ്ക്കായി പ്രവർത്തിക്കുന്നു, ഇതിനായി കരട് ബിൽ തയ്യാറാക്കിയിട്ടുണ്ട്.” എന്ന് യുപി‌എസ്‌എൽ‌സി വെബ്‌സൈറ്റ് പറയുന്നു.

പൊതുജനാഭിപ്രായത്തിനായി ജൂലൈ 19 വരെ ഇത് ലഭ്യമാകും. അതേസമയം മതപരമായ കാരണങ്ങളാലും വ്യക്തിനിയമത്തിന്റെ ആനുകൂല്യത്തിലും ഒന്നിലധികം വിവാഹത്തിന് അനുവാദം ഉള്ളവര്‍ ഉണ്ടാകും. അവര്‍ ഒന്നിലേറെ വിവാഹബന്ധത്തില്‍ ഉണ്ടാകും. ഇങ്ങനെ രണ്ട് ബന്ധത്തില്‍ ഉണ്ടെങ്കിലും ഭാര്യയായാലും ഭര്‍ത്താവായാലും ഈ നിയമപ്രകാരം ഒരു വ്യക്തിയായാണ് നിയമം പരിഗണിക്കുക എന്ന് കരട് പറയുന്നു.

ആനുകൂല്യങ്ങള്‍ കൈപറ്റിയ ശേഷം നിയമം തെറ്റിച്ച് രണ്ട് കുട്ടികളില്‍ കൂടുതല്‍ ഉണ്ടായാല്‍ അയാളില്‍ നിന്നും കൈപ്പറ്റിയ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കാനും നിയമത്തില്‍ പറയുന്നുണ്ട്. കരടിന്മേല്‍ വരുന്ന പൊതുനിര്‍ദ്ദേശങ്ങളും കൂട്ടിച്ചേര്‍ത്ത് ഓഗസ്‌റ്റോടെ നിയമം സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് നിയമ കമ്മിഷന്‍ അധ്യക്ഷന്‍ എ എന്‍ മിത്തല്‍ പറഞ്ഞു. ബിജെപിയുടെ ഭരണത്തിലുള്ള അസമില്‍ ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കാന്‍ നേരത്തെ നീക്കം തുടങ്ങിയിട്ടുണ്ട്.

10-Jul-2021