യോഗിയുടെ ജനസംഖ്യാ നിയന്ത്രണ ബില്ലിനെതിരെ എന്‍.ഡി.എയില്‍ അമര്‍ഷം

ഉത്തര്‍പ്രദേശിലെ ജനസംഖ്യാ നിയന്ത്രണ ബില്ലിനെതിരെ എന്‍ഡിഎയില്‍ അമര്‍ഷം പുകയുന്നു. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് ഭാവി ശുഭകരമായിരിക്കില്ലെന്ന പരോക്ഷ താക്കീതാണ് ജനസംഖ്യാ നിയന്ത്രണ ബില്ലിലൂടെ യോഗി സര്‍ക്കാര്‍ നല്‍കുന്നതെന്ന വിമര്‍ശനം ശക്തമാകുമ്പോഴാണ് എന്‍ഡിഎയിലും അമര്‍ഷം ഉയരുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നത വളര്‍ത്താനേ ബില്‍ ഉപകരിക്കുവെന്നും നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും ജെഡിയു ആവശ്യപ്പെട്ടു.

ബില്ലിനെതിരെ ന്യൂനപക്ഷങ്ങള്‍ക്കിടെ പ്രചാരണം നടത്താനാണ് കോണ്‍ഗ്രസിന്റെയും സമാജ് വാദി പാര്‍ട്ടിയുടെയും നീക്കം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ വിഭാഗങ്ങളുടെ വോട്ട് നേടാന്‍ ന്യൂനപക്ഷങ്ങളെ കരുവാക്കുന്നു എന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. അതേസമയം സംസ്ഥാനത്ത് വര്‍ധിക്കുന്ന ജനസംഖ്യ സാമൂഹിക അസമത്വത്തിന് ഇടയാക്കുന്നുവെന്നാണ് യോഗി ആദിത്യനാഥിന്റെ ന്യായീകരണം.

മാത്രമല്ല കൊവിഡ് വ്യാപനത്തില്‍ ചികിത്സാ രംഗത്തടക്കം സംസ്ഥാനം നേരിട്ട പ്രധാന വെല്ലുവിളികള്‍ക്ക് ഒരു പരിധിവരെ ജനസംഖ്യാ വിസ്‌ഫോടനം കാരണമായെന്നും സര്‍ക്കാര്‍ വാദിക്കുന്നു. രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കില്ല, ജോലിയുള്ളവര്‍ക്ക് പ്രമോഷന്‍ ഉണ്ടാകില്ല, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും കിട്ടില്ല എന്നിങ്ങനെ പോകുന്നു ബില്ലിലെ വ്യവസ്ഥകള്‍.

11-Jul-2021