ലക്ഷദ്വീപിന് സംസ്ഥാന പദവി നൽകണമെന്ന് സി.പി.ഐ

ലക്ഷദ്വീപിന് സംസ്ഥാന പദവി നൽകണമെന്ന് സി.പി.ഐ ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേഷൻ ജനവിരുദ്ധമായ തീരുമാനങ്ങളും ഉത്തരവുകളും നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെ ദ്വീപ് നിവാസികൾ ശക്തമായ പ്രക്ഷോഭത്തിലാണ്. ദ്വീപ് ജനതയുടെ പൊതുവികാരമായി മാറിയിട്ടുള്ള സംസ്ഥാന പദവി എന്ന വിഷയത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുമായി യോജിച്ച് ക്യാമ്പയിൽ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനിച്ചു. കൂടാതെ കർഫ്യൂ ലോക്ഡൗൺ കാരണം സാമ്പത്തികമായും ഭക്ഷ്യക്ഷാമത്താലും ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ നൽകാൻ ഭരണകൂടം തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ സി.പി.ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം.പി, കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സി.പി.ഐ ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി സി. ടി നജ്മുദ്ദീൻ എന്നിവർ സംസാരിച്ചു.

വിവിധ ദ്വീപുകളിലെ ഭാരവാഹികളായ നസീർ, സൈതലി ബിരേക്കൽ (കവരത്തി), വാജിബ്, അലി അക്ബർ, നുറുദ്ദീൻ (കിൽത്താൻ), സൈനുൽ ആബിദ്, മഷ്ഹൂർ (ആന്ത്രോത്ത്), നിസാമുദ്ദീൻ, സലാഹുദ്ദീൻ (കൽപേനി) എന്നിവർ പങ്കെടുത്തു. ലക്ഷദ്വീപ് വിഷയം വിശദമായി ചർച്ച ചെയ്യുന്നതിനായി ദ്വീപിലെയും കേരളത്തിലെയും പാർട്ടി പ്രതിനിധികളെയും ഉൾപ്പെടുത്തി ദേശീയ നേതൃത്വം പങ്കെടുക്കുന്ന യോഗം ഉടൻ കൊച്ചിയിൽ ചേരുന്നതിനും തീരുമാനിച്ചു.

12-Jul-2021