നരേന്ദ്രമോദിയ്ക്ക് നന്ദി പറയുന്ന പരസ്യങ്ങൾക്ക് ചെലവിടാൻ കോടികൾ ധൂർത്തടിക്കുന്നു: സീതാറാം യെച്ചൂരി
അഡ്മിൻ
നാട്ടുകാർക്ക് വാക്സിൻ എത്തിക്കാൻ പണമില്ല, നരേന്ദ്രമോഡിയ്ക്ക് നന്ദി പറയുന്ന പരസ്യങ്ങൾക്ക് ചെലവിടാൻ കോടികൾ ധൂർത്തടിയ്ക്കുകയാണെന്ന് കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിനെ വിമർശിച്ച് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . പ്രതിഛായ മെച്ചപ്പെടുത്തുന്നതിലാണ് കേന്ദ്രത്തിന് താൽപ്പര്യം.
തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കാനോ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനോ അല്ല ശ്രദ്ധയെന്നും നരേന്ദ്രമോഡിയ്ക്കും കൂട്ടർക്കും മുഖംമിനുക്കലിലാണ്ണ് കണ്ണെന്നും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറിപറഞ്ഞു. ജനങ്ങളുടെ വികസനത്തിന് പണം ചെലവിടാതെ കേന്ദ്ര മന്ത്രിസഭ വികസിപ്പിക്കുന്നത് ഒരു പ്രയോജനമില്ലാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനങ്ങൾ വാക്സിൻ കിട്ടാതെ വലയുമ്പോൾ വാക്സിനു പകരം വാക്സിൻ നൽകിയതിന് നന്ദി പറയുന്ന പരസ്യങ്ങൾക്കായി കേന്ദ്രം കോടികൾ ചെലവിടുകയാണ്.
ജനങ്ങളുടെ വികസനത്തിന് വേണ്ടി പ്രയോജനപ്പെടുത്തേണ്ട പണം ധൂർത്തടിക്കാൻ ഉപയോഗിക്കുന്നത് അപഹാസ്യം ആണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ധന വിനിയോഗം 41.6 ശതമാനമായി കുറഞ്ഞു. പെട്രോൾ വില വർധനവിലൂടെ സമാഹരിച്ച തുക എവിടെയാണെന്നും യെച്ചൂരി ചോദിച്ചു.മോഡി സർക്കാരിന്റെ പ്രചാരണ വിഭാഗത്തെ തീറ്റിപ്പോറ്റാനും മോഡിക്ക് പുതിയ വസതി നിർമ്മിക്കാനും ആഢംബര വിമാനം വാങ്ങുവാനുമാണോ ഈ തുക ഉപയോഗിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ലോകമെമ്പാടുമുള്ള ഭരണകൂടം തങ്ങളുടെ ജനങ്ങളെ കൊവിഡ് പ്രതിസന്ധിയിൽ നിന്ന് സഹായിക്കാനും തൊഴിലവസരങ്ങൾ മെച്ചപ്പെടുത്താനും ശ്രമിക്കുമ്ബോൾ ഇന്ത്യ കയ്യുംകെട്ടിയിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.