കഴിഞ്ഞ ഒന്നരവര്‍ഷമായി കൊവിഡ് കേസ് ഇല്ലാതിരുന്ന ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ കൊവിഡ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അടിയന്തര നടപടികളുമായി ആരോഗ്യവകുപ്പ്. കുടികളിൽ നേരിട്ടെത്തിൽ ആദിവാസികൾക്കിടയിൽ പരിശോധനകൾ നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.
ദുർഘടമായ വഴികളിലൂടെ കുടികളിലെത്തുക സാഹസികമാണെങ്കിലും രോഗത്തെ പ്രതിരോധിക്കുന്നതോടൊപ്പം ആദിവാസികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനാണ് പ്രത്യേക സംഘം കുടിയിലേക്ക് തിരിക്കുന്നത്. മൂന്നാർ പോലീസിന്‍റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘവും കുടികളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും.
അതേസമയം അന്യര്‍ക്ക് പ്രവേശനം ഇല്ലാതിരുന്ന ഇവിടെ ഇടുക്കി എം. പി ഡീൻ കുര്യാക്കോസിന്‍റെയും ബ്ലോഗര്‍ സുജിത് ഭക്തന്‍റെയും സന്ദർശനം വിവാദമാകുകയാണ് . സമൂഹമാധ്യമങ്ങളില്‍ സംഘത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ഒന്നര വർഷമായി കൊവിഡിനെ സ്വയം പ്രതിരോധിച്ച ഇടമലക്കുടിയിൽ രോഗം എത്തിച്ചത് എം പിയോടൊപ്പമെത്തിയ സംഘമാണെന്നുള്ള ക്യാംപെയ്നുംനടക്കുന്നുണ്ട്. ഇരുപ്പ്ക്കല്ല് ഊരിലെ നാൽപതുകാരി, ഇടലിപ്പാറ ഊരിലെ ഇരുപത്തിനാലുകാരൻ എന്നിവർക്കാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.