കൊടകര കള്ളപ്പണം: ചോദ്യം ചെയ്യലില്‍ കെ. സുരേന്ദ്രനോട് ചോദിച്ചത് 108 ചോദ്യങ്ങൾ
അഡ്മിൻ
കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനോട് അന്വേഷണസംഘം ചോദിച്ചത് 108 ചോദ്യങ്ങള്‍. നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് പുറമെ തത്സമയം തയ്യാറാക്കിയ അനുബന്ധ ചോദ്യങ്ങൾ ഉൾപ്പെടെ 108 ചോദ്യങ്ങളാണ് സുരേന്ദ്രനോട് ചോദിച്ചത്.
ഒരു മണിക്കൂറും ഇരുപത് മിനിറ്റും നീണ്ടുനിന്ന ചോദ്യം ചെയ്യലിൽ കേസിലെ പരാതിക്കാരനായ ധർമരാജനെ പാർട്ടി പ്രചാരണത്തിനിടെ കണ്ടിട്ടുണ്ടെന്നും സുരേന്ദ്രൻ മറുപടി നൽകിയെന്നാണ് റിപ്പോർട്ട്. നേരത്തെ തയ്യാറാക്കിയ ചോദ്യങ്ങൾക്ക് പുറമെ സുരേന്ദ്രന്‍റെ മറുപടിയുടെ അടിസ്ഥാനത്തിൽ അനുബന്ധ ചോദ്യങ്ങളും അന്വേഷണസംഘം തത്സമയം തയ്യാറാക്കിയിരുന്നു.
ആകെ 108 ചോദ്യങ്ങളാണ് ഉണ്ടായിരുന്നതെങ്കിലും ഇതിൽ 38 എണ്ണമായിരുന്നു പ്രധാനപ്പെട്ടവ. പണം കവർച്ച ചെയ്യപ്പെട്ട കേസിലെ പരാതിക്കാരനായ ധർമരാജനെ അറിയാമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ധർമരാജനെ പാർട്ടി പ്രചാരണത്തിനിടെ കണ്ടിട്ടുണ്ടെന്നും അപ്രകാരം പരിചയമുണ്ടെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞത്. ചില ചോദ്യങ്ങളോട് അറിയില്ലെന്നായിരുന്നു സുരേന്ദ്രൻ പ്രതികരിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.