സംസ്ഥാനത്തെ വ്യവസായ നിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ മൂന്നംഗ സമിതി

വ്യവസായങ്ങളുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ട വകുപ്പുകളും ചട്ടങ്ങളും പരിശോധിക്കുന്നതിനും പുതുക്കുന്നതിനു മുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനു മൂന്നംഗ സമിതി രൂപീകരിച്ചതായി വ്യവസായ മന്ത്രി പി. രാജീവ്. മൂന്നു മാസത്തിനകം സമിതി സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ് ലീഗല്‍ സ്റ്റഡീസ്(ന്യുവാല്‍സ്) വൈസ് ചാന്‍സലര്‍ ഡോ. കെ.സി. സണ്ണി അധ്യക്ഷനായുള്ള സമിതിയില്‍ മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ടി. നന്ദകുമാര്‍, നിയമ പരിഷ്‌കരണ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ കെ. ശശിധരന്‍ നായര്‍ എന്നിവരാണ് അംഗങ്ങള്‍. ഇവര്‍ വ്യവസായങ്ങള്‍ തുടങ്ങുന്നതും നടത്തുന്നതുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലവിലുള്ള നിയമങ്ങളിലെ കാലഹരണപ്പെട്ടതും ഇന്നത്തെക്കാലത്ത് യുക്തിക്കു നിരക്കുന്നതല്ലെന്നു തോന്നുന്നതുമായ നിയമങ്ങളും ചട്ടങ്ങളും പരിഷ്‌കരിക്കുന്നതു സംബന്ധിച്ചു പരിശോധന നടത്തി സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വ്യവസായങ്ങളുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകള്‍ സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍ കൈകാര്യം ചെയ്യുന്ന നടപടി ലളിതമാക്കുന്നതിനുള്ള നിര്‍ദേശങ്ങളും ഈ സമിതി സര്‍ക്കാരിനു നല്‍കുമെന്നു മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വ്യവസായ സമൂഹവുമായും സംരംഭകരുമായും ആശയവിനിമയം നടത്തിയാകും നിര്‍ദേശങ്ങള്‍ തയാറാക്കുക. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്കും വ്യവസായ ലോകത്തെക്കുറിച്ചു ധാരണയുള്ളവര്‍ക്കം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. കെ.എസ്.ഐ.ഡി.സിയാകും സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

വ്യവസായങ്ങളുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളും പുതുതായി നിലവില്‍വന്ന നിയമങ്ങള്‍ സംബന്ധിച്ചും ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കു വേണ്ടത്ര അവബോധമുണ്ടായിട്ടില്ലെന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. ഇതുമൂലം അതിവേഗം നടക്കേണ്ട കാര്യങ്ങള്‍പോലും നൂലാമാലകളില്‍പ്പെടുകയാണ്. ഇതു മുന്‍നിര്‍ത്തി ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും അവബോധം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കും. വ്യവസായ എസ്റ്റേറ്റുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിനു പൊതു രൂപരേഖയുണ്ടാക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വൈകാതെ തീരുമാനമുണ്ടാകും. സ്റ്റാറ്റിയൂട്ടറി ഗ്രീവന്‍സ് റെഡ്രസ് മെക്കാനിസം സംബന്ധിച്ച ബില്ല് ഈ നിയമസഭയില്‍ത്തന്നെ അവതരിപ്പിച്ചു പാസാക്കുമെന്നും മന്ത്രി പറഞ്ഞു.

17-Jul-2021