കൊവി‍ഡ് മൂന്നാം തരം​ഗം മുന്നിൽകണ്ട് നടപടികളുമായി കേരളാ സർക്കാർ

കൊവി‍ഡ് മൂന്നാം തരം​ഗത്തിന് മുന്നോടിയായി മരുന്നുകളും സുരക്ഷ ഉപകരങ്ങളുടേയും  ഉത്പാദനം കേരളത്തിൽ ആരംഭിക്കാനുള്ള സാധ്യത പരിശോധിച്ച് സ‍ർക്കാർ. മരുന്നുകളും സുരക്ഷ ഉപകരങ്ങളുടേയും വിപുലമായ ഉത്പാദനം കേരളത്തിൽ ആരംഭിക്കുന്നതിനുള്ള സാധ്യത സ‍ർക്കാർ പരിശോധിക്കുന്നു. കൊവി‍ഡ് മൂന്നാം തരം​ഗം മുന്നിൽ കണ്ടാണ് സർക്കാരിൻ്റെ ഈ നീക്കം. സംസ്ഥാനത്തിനാവശ്യമായ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും തദ്ദേശിയമായി തന്നെ നിര്‍മ്മിക്കാന്‍ കഴിയുന്നതിന്റെ സാധ്യത ആരോഗ്യ, വ്യവസായ വകുപ്പുകള്‍ തമ്മില്‍ ഇന്ന് ചർച്ച ചെയ്തു. 

 

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. കോവിഡ് മൂന്നാം തരംഗത്തില്‍ ഗ്ലൗസ്, മാസ്‌ക്, പി.പി.ഇ. കിറ്റ്, തുടങ്ങിയ സുരക്ഷാ സാമഗ്രികളുടേയും മെഡിക്കല്‍ ഉപകരണങ്ങളുടേയും ലഭ്യത ഉറപ്പാക്കുന്നതിനാണ് ഇരു വകുപ്പുകളുടേയും സംയുക്ത യോഗം വിളിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ പല വ്യവസായ ശാലകളും കോവിഡായതിനാല്‍ പൂട്ടിയതിനാല്‍ പല സുരക്ഷാ ഉപകരണങ്ങളുടേയും ലഭ്യതക്കുറവ് രണ്ടാം തരംഗത്തില്‍ ഉണ്ടായി. മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ മേഖല ശക്തിപ്പെടുത്തി വരികയാണ്. ഇതോടൊപ്പം ആവശ്യമായ ഉപകരണങ്ങളും സുരക്ഷാ സാമഗ്രികളും മുന്‍കൂട്ടി ലഭ്യമാക്കണം. 

 

മെഡിക്കല്‍ ഉപകരണങ്ങളുടേയും ഡിവൈസുകളുടേയും ലഭ്യതയ്ക്കായി വ്യവസായ വകുപ്പ് മെഡിക്കല്‍ എക്യുപ്‌മെന്റ് ആന്റ് ഡിവൈസസ് പാര്‍ക്ക് തുടങ്ങാന്‍ പോകുകയാണ്. ഇതിലൂടെ ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതാണ്. ഇതൊടൊപ്പം ഗുണമേന്മയും ഉറപ്പ് വരുത്തുന്നതാണ്. ഇരു വകുപ്പുകളും എല്ലാ തലങ്ങളിലും സഹകരണം ഉറപ്പുവരുത്തുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. സംസ്ഥാനത്തിന് ആവശ്യമുള്ള മരുന്നുകളുടെ ശരാശരി 10 ശതമാനം മാത്രമാണ് കേരളത്തില്‍ നിര്‍മ്മിക്കുന്നത്. 90 ശതമാനവും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് കെ.എം.എസ്.സി.എല്‍. വാങ്ങുന്നത്. കെ.എസ്.ഡി.പി.എല്‍. വഴി കൂടുതല്‍ മരുന്നുകള്‍ ഉത്പാദിപ്പിക്കാനായാല്‍ ചെലവ് കുറയ്ക്കാനും ആരോഗ്യ മേഖലയ്ക്ക് വലിയ ഗുണം ലഭിക്കുകയും ചെയ്യുമെന്നും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.

17-Jul-2021