ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തിൽ ഭിന്നത രൂക്ഷമാകുന്ന യുഡിഎഫ്

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫ് നെടുകെ പിളര്‍ന്ന അവസ്ഥയില്‍. സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് രംഗത്തെത്തിയ മുസ്‌ലിം ലീഗിന്റെ അവകാശവാദങ്ങളെ മുഖവിലയ്‌ക്കെടുക്കാനോ പിന്തുണയ്ക്കാനോ കോണ്‍ഗ്രസ് നേതാക്കളോ മുന്നണിക്ക് നേതൃത്വം നല്‍കുന്ന പ്രമുഖരോ ഇതുവരെ തയ്യാറായിട്ടില്ല എന്നത് യുഡിഎഫിലെ അഭിപ്രായഭിന്നതകള്‍ അതിരൂക്ഷമാക്കുന്നു.

മുസ്‌ലിം ലീഗിന്റെ നിലപാട് വെറും സമുദായപ്രീണനം മാത്രമാണെന്നും അതിനെ പരസ്യമായി പിന്തുണച്ചാല്‍ ക്രിസ്ത്യന്‍ സമുദായം അടക്കമുള്ളവരുടെ പിന്തുണ പാര്‍ട്ടിക്കും മുന്നണിക്കും പൂര്‍ണമായും ഇല്ലാതാകുമെന്ന ഭയമാണ് കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയത്. മുസ്‌ലിം ലീഗ് നേതാക്കള്‍ ഈ വിഷയത്തില്‍ അതിശക്തമായ പ്രതികരണങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉയര്‍ത്തിക്കഴിഞ്ഞു.

പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയ മുന്‍നിര ലീഗ് നേതാക്കള്‍ കോണ്‍ഗ്രസിന്റെ മൗനത്തിനെതിരെയും പ്രതിപക്ഷ നേതാവിന്റെ സര്‍ക്കാര്‍ അനുകൂല നിലപാടുകള്‍ക്കെതിരെയും അതിരൂക്ഷമായ വിമര്‍ശനമാണ് അഴിച്ചുവിട്ടിരിക്കുന്നത്. ഈ പ്രശ്നത്തില്‍ കോണ്‍ഗ്രസ് നിലപാട് അനുകൂലമല്ലെങ്കില്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ പാര്‍ട്ടി മടിക്കില്ലെന്നാണ് മുസ്‌ലിം ലീഗ് നേതാക്കള്‍ പരസ്യമായി തന്നെ വ്യക്തമാക്കുന്നത്.

മുസ്‌ലിം സമുദായ സംഘടനകള്‍ കടുത്ത സമ്മര്‍ദ്ദം ലീഗിന് മേല്‍ നടത്തിയതോടെയാണ് കടുത്ത നിലപാടുകള്‍ പ്രഖ്യാപിക്കാന്‍ ലീഗ് മുന്നോട്ടുവന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പരസ്യമായി തള്ളി മുസ്‌ലിം ലീഗ് നേതാക്കള്‍ രംഗത്തെത്തിയതോടെ മുസ്‌ലിം ലീഗും കോണ്‍ഗ്രസും തമ്മിലുള്ള കടുത്ത ഭിന്നതയായി ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയം മാറിയിരിക്കുകയാണ്.

18-Jul-2021