പെഗാസസ് വിഷയത്തില്‍ വ്യക്തത വരുത്താനാകാതെ കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ കേന്ദ്ര മന്ത്രിമാരുൾപ്പെടെയുള്ളവരുടെ ഫോൺ ചോർത്തൽ വിവാദം ചൂടുപിടിക്കുമ്പോഴും പെഗാസസ് ഉപയോഗത്തെ പറ്റി വ്യക്തമായ ഉത്തരം നൽകാതെ കേന്ദ്ര സർക്കാർ. വിവാദത്തിൽ പ്രതിപക്ഷ ആരോപണങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴും ഒരു പ്രധാന ചോദ്യത്തിന് ഇതുവരെ കേന്ദ്ര സർക്കാർ ഉത്തരം നൽകിയിട്ടില്ല : ഇസ്രായേലി സ്പൈവെയർ പെഗാസസ് കേന്ദ്രം വാങ്ങിയോ? ഇന്നലെ ലോക്സഭയിൽ സ്വമേധയാ നൽകിയ വിശദീകരണത്തിലും പുതുതായി ചുമതലയേറ്റ കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വനി വൈഷ്ണവ് രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവരുടെ ഫോൺ ചോർത്തിയെന്ന ആരോപണം നിഷേധിച്ചിരുന്നു.

രാജ്യത്ത് നിലനിൽക്കുന്ന നിയമങ്ങൾ ഇത്തരം നിരീക്ഷണങ്ങൾ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വികസനം ആഗ്രഹിക്കാത്തവരാണ് പുതിയ വിവാദത്തിന് പിന്നിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞു. Read Also മുന്‍ ചീഫ് ജസ്റ്റിസ്‌ രഞ്ജൻ ഗൊഗോയിക്കെതിരെ ലൈഗിംകാരോപണം ഉന്നയിച്ച യുവതിയുടെ ഫോണും ചോര്‍ത്തി എന്നാൽ പെഗാസസ് സ്പൈവെയർ കേന്ദ്ര സർക്കാരോ സർക്കാർ ഏജൻസികളോ വാങ്ങിയോ എന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. "

പെഗാസസ് നിർമാതാക്കളായ എൻ.എസ്.ഒ തങ്ങളുടെ സാങ്കേതിക വിദ്യ സർക്കാരുകളുടെ നിയമ നിർവഹണ, രഹസ്യാന്വേഷണ ഏജൻസികൾക്ക് മാത്രമേ വില്പന നടത്തുകയെന്നാണ് പറയുന്നത്. കേന്ദ്ര സർക്കാർ ലളിതമായ ഒരു ചോദ്യത്തിന് ഉത്തരം നൽകിയാൽ മതി: സർക്കാർ പെഗാസസ് വാങ്ങിയോ? " കോൺഗ്രസ് നേതാവ് പി. ചിദംബരം ട്വിറ്ററിൽ കുറിച്ചു. രണ്ട് വർഷം മുൻപ് പെഗാസസ് വിവാദം ആദ്യമായി ഉയർന്നുവന്നപ്പോഴും പെഗാസസ് സ്പൈവെയർ വാങ്ങിയോ എന്ന് വ്യക്തമാക്കാൻ കേന്ദ്രം തയ്യാറായില്ല.

20-Jul-2021