കർഷക സമരം: പാർലമെന്‍റ് മാർച്ചിന്‍റെ സമരവേദി ജന്തർമന്തറിലേക്ക് മാറ്റി

കർഷക സംഘടനകൾ പ്രഖ്യാപിച്ച പാർലമെന്‍റ് മാർച്ചിന്‍റെ സമരവേദി ജന്തർമന്തറിലേക്ക് മാറ്റി. ദില്ലി പൊലീസുമായി നടന്ന ചർച്ചക്കൊടുവിലാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം. സമാധാനപരമായ സമരത്തിനാണ് ആഹ്വാനമെന്ന് കിസാൻ മോർച്ച അറിയിച്ചു മറ്റന്നാൾ മുതലാണ് കർഷകരുടെ പ്രതിഷേധം. .

സമരവേദികളിൽ നിന്ന് ദിവസേന ഇരൂന്നൂറ് കർ‍ഷകർ രാജ്പഥിന് സമീപം ഉപരോധം നടത്തുമെന്നാണ് കർഷക സംഘടനകൾ ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ പാർലമെന്‍റ് സമ്മേളനം നടക്കുന്നതിനാൽ ക്രമസമാധാന പ്രശ്നങ്ങളിലേക്ക് പോകരുതെന്നും സമരവേദി മാറ്റണം എന്നും ദില്ലി പൊലീസ് ആഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പൊലീസ് ചർച്ച നടത്തിയെങ്കിലും ഇത് പരാജയപ്പെട്ടിരുന്നു. പ‍ാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തോട് അനുബന്ധിച്ചാണ് കർഷക സംഘടനകൾ മാർച്ച് പ്രഖ്യാപിച്ചത്.

വർഷകാല സമ്മേളനം അവസാനിക്കും വരെ ദിവസേന പ്രതിഷേധം നടത്തും. ഇന്ന് ദില്ലി പൊലീസ് കമ്മീഷണ‌ർ ബാലാജി ശ്രീവാസ്തവ പ്രധാന കർഷക നേതാക്കളുമായി സിംഘുവിൽ കൂടിക്കാഴ്ച നടത്തി. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ജന്തർമന്തറിലേക്ക് സമരവേദി മാറ്റണമെന്ന് ആഭ്യർത്ഥിച്ചു. ഇതോടെ കർഷക നേതാക്കൾ സിംഘുവിൽ അടിയന്തര കോർകമ്മറ്റി ചേർന്നതിന് പിന്നാലെയാണ് പ്രഖ്യാപനം.

പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ക‍ർഷകരുടെ പേരുവിവരങ്ങൾ അടക്കം പൊലീസിന് കൈമാറും. ജന്തർമന്തറിൽ എത്തിയതിന് ശേഷം ഇവിടെ നിന്ന് പാർലമെന്‍റിലേക്ക് മാർച്ച് നടത്തും. പൊലീസ് തടയുന്നത് വരെ മാർച്ചുമായി പോകുമെന്ന് കർഷക നേതാക്കൾ അറിയിച്ചു. കർഷകസമരം പാർലമെന്‍റിനുള്ളില്‍ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാ‍ർട്ടികൾ വലിയ പ്രതിഷേധമാക്കുന്നതിന് ഇടെയാണ് പ്രതിഷേധവുമായി കർഷക‍ർ ദില്ലിക്ക് അകത്തേക്ക് എത്തുന്നത്. സമരവേദികളിൽ നിന്ന് അഞ്ച് ബസുകളിലായി കർഷകർ പുറപ്പെടും.

20-Jul-2021