അനന്യയുടെ മരണം; അടിയന്തര അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

ട്രാന്‍സ്ജണ്ടര്‍ ആക്ടിവിസ്റ്റ് അനന്യയെ ചൊവ്വാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചിയിലെ ലുലുമാളിന് സമീപമുള്ള ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റേഡിയോ ജോക്കി, അവതാരക എന്നീ നിലകളില്‍ പ്രശസ്തയായിരുന്നു അനന്യ. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

അതേസമയം ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ (28) മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയും പരാതി നല്‍കിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്ജണ്ടര്‍ സ്ഥാനാര്‍ത്ഥിയെന്ന വിശേഷണത്തോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നും മത്സരിയ്ക്കാന്‍ പ്രചാരണമടക്കമാരംഭിച്ചിരുന്നു. എന്നാല്‍ ടിക്കറ്റ് നല്‍കിയ ഡി.എസ്.ജി.പിയുമായുള്ള അഭിപ്രായഭിന്നതകളേത്തുടര്‍ന്ന് മത്സരരംഗത്തുനിന്നും പിന്‍മാറിയിരുന്നു. മരണകാരണം വ്യക്തമായിട്ടില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

21-Jul-2021