വിവാദമായ കൊടകര കുഴൽപ്പണ കേസിൽ 625 പേജുള്ള കുറ്റപത്രം അന്വേഷണ സംഘം ഇരിങ്ങാലക്കുട കോടതിയില്‍ സമർപ്പിച്ചു. 22 പേര്‍ക്ക് എതിരെയുള്ള കുറ്റപത്രത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഏഴാം സാക്ഷിയാണ്. സുരേന്ദ്രന്‍റെ മകന്‍ അടക്കം 216 പേര്‍ കൂടി സാക്ഷി പട്ടികയിലുണ്ട്.
മൊഴിയെടുപ്പിക്കാന്‍ വിളിച്ച എല്ലാ നേതാക്കളെയും സാക്ഷിപ്പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേസിൽ അന്വേഷണം തുടരുമെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
ബിജെപി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചോയെന്ന് അന്വേഷിക്കണം. കള്ളപ്പണ ഉറവിടം അന്വേഷിക്കാൻ കേന്ദ്ര ഏജൻസി വേണം. തട്ടിയെടുത്ത പണം കണ്ടെത്താൻ അന്വേഷണം തുടരുമെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് കൊടകര ദേശീയപാതയിൽ മൂന്നരക്കോടി രൂപ ക്രിമിനൽസംഘം കവർന്നത്. ഒരു കോടി 45 ലക്ഷം രൂപയും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു.
കുഴൽപ്പണത്തിന്‍റെ ഉറവിടമെന്ത്, പണം എത്തിച്ചത് എന്തിന് വേണ്ടി എന്നതെല്ലാം അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. കൊടകര കേസിലെ പ്രതികളുടെ ജാമ്യഹർജി തള്ളിയ ഉത്തരവിലായിരുന്നു പരാമർശം.